സൗദി അറേബ്യ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചമുളകിന് വിലക്കേര്‍പ്പെടുത്തി. അമിതമായ അളവില്‍ രാസവസ്തുക്കളും വിഷത്തിന്റെ അംശവും കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൗദി അറേബ്യയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വിലക്ക്. ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ പച്ചക്കറി കയറ്റി അയക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ എന്നത് ഇന്ത്യന്‍ പച്ചക്കറി വ്യാപാരത്തിന് ഇത് തിരിച്ചടിയുണ്ടാക്കും. ഇന്ത്യയില്‍നിന്നുള്ള പച്ചമുളകില്‍ ഭക്ഷ്യയോഗ്യമല്ലാത്ത രീതിയില്‍ കീടനാശിനികള്‍ കണ്ടെത്തിയ സംഭവം ഇന്ത്യന്‍ സര്‍ക്കാരിനെ സൗദി അറിയിച്ചിട്ടുണ്ട്.
ഇന്ത്യയില്‍നിന്നും അവസാനമായി ഇറക്കുമതി ചെയ്ത പച്ചമുളകുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സാഹചര്യം തുടര്‍ന്നാല്‍ ഇന്ത്യയില്‍നിന്നും ഭാവിയില്‍ പച്ചക്കറി ഇറക്കുമതിചെയ്യുന്നകാര്യം അനിശ്ചിതത്വത്തില്‍ ആകുമെന്നും സൗദി മുന്നറിയിപ്പ് നല്‍കുന്നു.
അന്താരാഷ്ട്ര പച്ചക്കറി വ്യാപാര രംഗത്ത് ഇന്ത്യന്‍ പച്ചമുളകിനുള്ള സ്ഥാനം ചെറുതല്ല. 2013 ഏപ്രില്‍ – നവംബര്‍ കാലയളവില്‍ രാജ്യത്തുനിന്നും വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത പച്ചമുളകിന്റെ അളവ് 181,500 ടണ്ണോളം വരും. അതേസമയം ഇക്കാര്യത്തില്‍ ഇടപെടുമെന്നും ഉചിതമായ തിരുമാനം കൈക്കൊള്ളുമെന്നും സൗദിയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല