സ്വന്തം ലേഖകന്‍: പ്രകൃതി സംരക്ഷണത്തിനുള്ള മാര്‍പാപ്പയുടെ ആഹ്വാനത്തിന് യുഎന്‍ തലവന്‍ ബാന്‍ കി മൂണിന്റെ പിന്തുണ. മാര്‍പപ്പയുടെ വാക്കുകളെ ശരിവെക്കുന്നതായും ഇത് സാമൂഹിക നീതിയുടേയും മനുഷ്യാവകാശത്തിന്റേയും പ്രശ്‌നമാണെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു.
സാങ്കേതിക വിദ്യയിലുള്ള അന്ധമായ വിശ്വാസവും ഫോസില്‍ ഇന്ധനങ്ങളെ കൂടുതലായ ആശ്രയിക്കുന്നതും വഴി മനുഷ്യകുലം സ്വയം ആത്മഹത്യയിലേക്ക് നിങ്ങുന്നത് തടയാന്‍ ശക്തമായ സാംസ്‌കാരിക വിപ്ലവം ഉയര്‍ന്നുവരണമെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞദിവസം പറഞ്ഞത്. വത്തിക്കാന്‍ പുറത്തിറക്കുന്ന ചാക്രിക ലേഖനത്തിലായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.
മാര്‍പാപ്പയുടെ നിലപാടിനെ പിന്തുണച്ച യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പരിസ്ഥിതി സംരക്ഷണത്തിലൂന്നിയുള്ള ചാക്രിക ലേഖനത്തിന് നന്ദിയും അറിയിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ധാര്‍മിക നേതൃത്വത്തെ അഭിനന്ദിക്കുന്നതായി യുഎന്നിന്റെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ ട്വീറ്റ് ചെയ്തു.
ദാരിദ്ര്യവും കാലാവസ്ഥാ വ്യതിയാനവും തമ്മിലുള്ള ബന്ധത്തെ ശക്തമായി ഉദ്‌ബോധിപ്പിക്കുന്നതാണ് പോപ്പിന്റെ ചാക്രിക ലേഖനമെന്നാണ് വേള്‍ഡ് ബാങ്ക് പ്രസിഡന്റ് ജിം യോങ് കിം പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടത്. പോപ്പിന്റെ ആഹ്വാനത്തെ അമേരിക്കയിലെ ക്രിസ്ത്യന്‍ വിഭാഗങ്ങളെല്ലാം ഏറ്റെടുത്തു കഴിഞ്ഞതയാണ് സൂചന.
അമേരിക്കയിലെ 8 കോടിയോളം വരുന്ന ക്രിസ്ത്യാനികള്‍ പോപ്പിന്റെ ആഹ്വാനം നിറവേറ്റാന്‍ ഇറങ്ങിത്തിരിക്കുമെന്ന് കാത്തലിക് ചര്‍ച്ച് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ആഗോള താപനം പോലുള്ള വിപത്തുകള്‍ക്ക് സമ്പന്ന രാഷ്ട്രങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചാക്രിക ലേഖനത്തിലെ ധ്വനി അമേരിക്കയിലും യൂറോപ്പിലും പ്രതിഷേധത്തിനും വഴിതുറന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല