1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2024

സ്വന്തം ലേഖകൻ: അഞ്ച് വര്‍ഷത്തെ നിരോധനത്തിന് ശേഷം ഉപഭോക്തൃ സാധനങ്ങളുടെ ഡെലിവറി സേവനങ്ങള്‍ കൈകാര്യം ചെയ്യുന്ന ബിസിനസുകള്‍ക്ക് വിലക്ക് കുവൈത്ത് നീക്കിയതായി റിപ്പോര്‍ട്ട്. കുവൈത്ത് വാണിജ്യ – വ്യവസായ മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിരോധനം പിന്‍വലിച്ചതിനെ തുടര്‍ന്ന് ഡെലിവറി ബിസിനസ് സ്ഥാപിക്കുന്നതിനുള്ള അപേക്ഷകളുടെ പ്രവാഹം തന്നെ ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലൈസന്‍സ് നല്‍കുന്നതിനുള്ള നിരോധനം നീക്കിയതിന്റെ ആദ്യ ദിവസം തന്നെ കണ്‍സ്യൂമര്‍ ഡെലിവറി കമ്പനികള്‍ സ്ഥാപിക്കുന്നതിനായി വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് 1,700 ലധികം അപേക്ഷകള്‍ ലഭിച്ചതായാണ് വിവരം. ഈ മാസം അവസാനമാവുന്നതോടെ അപേക്ഷകളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. അപ്പോഴേക്കും ലൈസന്‍സ് അപേക്ഷകളുടെ എണ്ണം 40,000 മുതല്‍ 50,000 വരെ ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഉപഭോക്തൃ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും ലോജിസ്റ്റിക് സേവനങ്ങള്‍ കൈമാറുന്നതിനുമുള്ള പുതിയ ലൈസന്‍സ് നല്‍കുന്നത് 2019ല്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിര്‍ത്തിവച്ചിരുന്നു. ഈ മാസം ആദ്യം പുതിയ നിയമങ്ങള്‍ക്ക് അനുസൃതമായി മന്ത്രാലയം തീരുമാനം മാറ്റുകയായിരുന്നു. പുതിയ നിയമപ്രകാരം ഇത്തരത്തിലുള്ള ബിസിനസ് നടത്തുന്ന അപേക്ഷകന് സ്വന്തമായി ഒരു ബ്രാഞ്ച് ഉണ്ടായിരിക്കണം. ഇത് ട്രാഫിക്കിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്താത്ത രീതിയില്‍ അനുയോജ്യമായ സൈറ്റില്‍ സ്ഥാപിക്കണമെന്നും വ്യവസ്ഥയുണ്ട്.

കമ്പനിക്ക് കുറഞ്ഞത് അഞ്ച് ലൈറ്റ് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഉണ്ടായിരിക്കണം. അവയുടെ പേലോഡ് രണ്ട് ടണ്ണില്‍ കൂടരുത്. ഓരോ വാഹനത്തിന്റെയും പ്രായം നിർമാണ തീയതി മുതല്‍ മൂന്ന് വര്‍ഷമാണെന്നും വ്യവസ്ഥയില്‍ പറയുന്നു. കുറഞ്ഞത് അഞ്ച് ലൈറ്റ് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കു പുറമെ പരമാവധി 15 മോട്ടോര്‍ സൈക്കിളുകള്‍ കൂടി ഡെലിവറി സേവനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഓപ്പറേറ്റര്‍ക്ക് അനുവാദമുണ്ട്. എന്നാല്‍, പുതിയ നിയമങ്ങള്‍ അനുസരിച്ച് മോട്ടോര്‍സൈക്കിളുകള്‍ ഹൈവേകളും റിങ് റോഡുകളും ഉപയോഗിക്കാന്‍ പാടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.