സ്വന്തം ലേഖകൻ: കെറ്ററിംഗിലെയും നോര്‍ത്താംപ്ടണിലെയും ജനറല്‍ ഹോസ്പിറ്റലുകളിലെ നൂറു കണക്കിന് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ സമരത്തിനിറങ്ങുകയാണ് അധിക വേതനം ആവശ്യപ്പെട്ടുകൊണ്ടാണ് സമരം. ഈ രണ്ട് ട്രസ്റ്റുകളിലെയും ജീവനക്കാര്‍ കഴിഞ്ഞ ദിവസം യൂണിസന്‍ യൂണിയന്‍ നടത്തിയ വോട്ടിംഗില്‍ പങ്കെടുത്തിരുന്നു. 90 ശതമാനം പേരും സമരം വേണമെന്ന ആവശ്യത്തോട് യോജിക്കുകയായിരുന്നു എന്ന് യൂണിയന്‍ പ്രതിനിധികള്‍ അറിയിച്ചു.
ദീര്‍ഘനാളായി എന്‍ എച്ച് എസ്സ അഭിമുഖീകരിക്കുന്ന സമര പരമ്പരകളില്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഒപ്പം ഇപ്പോള്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്മാരും ചേരുകയാണ്. സമരപ്രഖ്യാപനത്തിനെതിരെ പ്രതികരിക്കാന്‍ രണ്ട് ട്രസ്റ്റിന്റെയും അധികൃതര്‍ വിസമ്മതിച്ചു.
അജണ്ട ഫോര്‍ ചേഞ്ച് പ്രകാരാം ബാന്‍ഡ് രണ്ടിലെ ശമ്പളം വാങ്ങുന്ന ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റുമാര്‍ക്ക് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ട ജോലി രോഗികളെ കുളിപ്പിക്കുക, ഭക്ഷണം കഴിപ്പിക്കുക തുടങ്ങിയ വ്യക്തിഗത സേവനാങ്ങളാണെന്ന് യൂണിയന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, നിയമപരമായി ചെയ്യേണ്ട ഈ ജോലികള്‍ക്ക് പുറമെ ചില ക്ലിനിക്കല്‍ ജോലികളും ഇവരെ ഏല്‍പ്പിക്കുകയാണെന്നും യൂണിയന്‍ അരോപിക്കുന്നു. രക്തം ശേഖരിക്കുക, ഇലക്ട്രോകാര്‍ഡിയോഗ്രാം പരിശോധനകള്‍ നടത്തുക, കാന്യുലകള്‍ സ്ഥാപിക്കുക തുടങ്ങിയ ജാഓലികളും ഇപ്പോള്‍ ഇവരെ കൊണ്ടാാണ് ചെയ്യിക്കുന്നത് എന്നും യൂണിയന്‍ പറയുന്നു.
സമരത്തിനിറങ്ങിയ ഹെല്‍ത്ത്‌കെയര്‍മാര്‍ പുറകോട്ട് പോകാന്‍ തയ്യാറല്ലെന്ന് ചീഫ് എക്സിക്യൂട്ടീവുകള്‍ മനസ്സിലാക്കണമേന്ന് യൂണിസന്‍ ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയനല്‍ സെക്രട്ടറി ക്രിസ് ജെന്‍കിന്‍സണ്‍ പറഞു. നിയമപരമായ ശമ്പള വര്‍ദ്ധനവ് അവര്‍ക്ക് നല്‍കിയെ തീരൂ എന്നും ക്രിസ് പറഞ്ഞു. ആവശ്യങ്ങള്‍ അവഗണിക്കാനാണ് ഒരുങ്ങുന്നതെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും യൂണിയന്‍ അറിയിച്ചിട്ടുണ്ട്. കെറ്ററിംഗ്, ലെസ്റ്റര്‍, നോര്‍ത്താംടണ്‍ഷയര്‍ എന്നിവിടങ്ങളിലെ ജീവനക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് അടുത്തമാസം വിപുലമായ രീതിയില്‍ സമരം നടത്താനാണ് തീരുമാനം.
അതിനിടയില്‍ ലെസ്റ്റര്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സില്‍ സമരം ചെയ്യുന്ന ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റുമാര്‍ തത്ക്കാലത്തേക്ക് സമരം നിര്‍ത്താന്‍ തീരുമാനിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനായി കൂടുതല്‍ സമയം ചീഫ് എക്സിക്യൂട്ടീവിന് നല്‍കുവാാനായിട്ടാണ് സമരം തത്ക്കാലത്തേക്ക് നിര്‍ത്തി വെച്ചത്. ഇതേ ചീഫ് എക്സിക്യൂട്ടീവ് തന്നെയാണ് മറ്റ് രണ്ട് ഹോസ്പിറ്റല്‍ ട്രസ്റ്റുകളുടെയും ചീഫ് എക്സിക്യൂട്ടീവ്. നീതീകരിക്കാന്‍ കഴിയുന്ന ഓഫറുമായി ചീഫ് എക്സിക്യൂട്ടിവ് വരും എന്ന് പ്രതീക്ഷിക്കുന്നതായും യൂണിസന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല