സ്വന്തം ലേഖകന്‍: ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്ക് അക്കൗണ്ടില്‍ ഹാക്കര്‍മാരുടെ വിളയാട്ടം, അടിച്ചുമാറ്റിയത് 100 കോടി ഡോളര്‍. അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായ വിവരം പുറത്തുവന്നതോടെ ബാങ്ക് മേധാവി അതിയൂര്‍ റഹ്മാന്‍ രാജിവച്ചു. റഹ്മാന്‍ തന്റെ രാജിക്കത്ത് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് കൈമാറി.
രാജ്യത്തിന്റെ വിദേശനാണ്യ കരുതലില്‍ നിന്നാണ് 100 കോടി ഡോളര്‍ ഹാക്കര്‍മാര്‍ തട്ടിയെടുത്തത്. ബാങ്കിന്റെ ന്യുയോര്‍ക്കിലെ ഫെഡറല്‍ റിസര്‍വ് ബാങ്കുമായി ബന്ധിപ്പെട്ട അക്കൗണ്ടില്‍ നിന്നാണ് പണം കവര്‍ന്നത്. ഫെബ്രുവരിയില്‍ നടന്ന കവര്‍ച്ചയെ കുറിച്ച് ഇതുവരെ റഹ്മാന്‍ സര്‍ക്കാരിന് വിവരം നല്‍കിയിരുന്നില്ല.
അതേസമയം, തട്ടിപ്പിനെ കുറിച്ച് മാധ്യമ റിപ്പോര്‍ട്ടുകളില്‍ കൂടിയാണ് അറിഞ്ഞതെന്ന് ധനമന്ത്രി എ.എം.എ മുത്തയ്യ അറിയിച്ചു. ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയാണ് ഹാക്കര്‍മാര്‍ പണം അപഹരിച്ചത്. ബാങ്കിന്റെ ഇടപാടുകള്‍ നിരീക്ഷിച്ച ശേഷമായിരുന്നു തട്ടിപ്പ്. എന്നാല്‍ ഹാക്കര്‍മാര്‍ ഉപയോഗിച്ച സ്‌പെല്ലിംഗ് തെറ്റിയതാണ് ഇടപാടിനെ കുറിച്ച് സംശയത്തിന് ഇടയാക്കിയത്.
സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് കൂടുതല്‍ ഇടപാടുകള്‍ തടഞ്ഞതായും അധികൃതര്‍ അറിയിച്ചു. ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലെ അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്കയിലേക്കു മാറ്റിയ പണത്തിന്റെ ഒരു ഭാഗം പിടിച്ചെടുക്കാനും കഴിഞ്ഞു. ഫിലിപ്പീന്‍സിലേക്ക് മാറ്റിയ പണത്തിന്റെ നല്ലൊരു പങ്കും കാസിനോകളില്‍ ചെലവഴിച്ചതായാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല