സ്വന്തം ലേഖകന്‍: ബംഗ്ലാദേശിലെ ധാക്കയില്‍ ഷിയാ പള്ളിക്കു നേരെ ഭീകരാക്രമണം, ഇമാം കൊല്ലപ്പെട്ടു. പള്ളിക്കുള്ളില്‍ ഇരുപതോളം ആളുകള്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആക്രമണം. തുണികൊണ്ട് മുഖം മറച്ച ആക്രമി പള്ളിക്കുള്ളില്‍ കയറി വിശ്വാസികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ആക്രമണത്തില്‍ പള്ളിയിലെ ഇമാം കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ത്ത ആയുധധാരി കൃത്യം നിര്‍വഹിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ട്.
എഴുപതുകാരനായ ഇമാം അബു താഹര്‍ വെടിയേറ്റു വീഴുകയായിരുന്നു. പരിക്കേറ്റവരെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇമാമിനെ രക്ഷിക്കാനായില്ല. ഇസ്ലാമിക് സ്റ്റേറ്റ് തന്നെയാണോ ആക്രമണത്തിനു പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടില്ല.
വിശദമായ അന്വേഷണത്തിനുശേഷമേ ഇക്കാര്യം വ്യക്തമാവുകയുള്ളൂവെന്നാണ് അധികൃതരുടെ നിലപാട്. ഷിയാ വിഭാഗത്തിനു നേരെയുള്ള ആക്രമണങ്ങള്‍ ബംഗ്ലാദേശില്‍ തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞമാസം ഷിയാ കേന്ദ്രത്തിനു നേരെ നടന്ന ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും നിഅവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല