സ്വന്തം ലേഖകൻ: തങ്ങൾക്കെതിരേയുള്ള ആക്രമണത്തിൽനിന്നു സംരക്ഷണം വേണമെന്നും ഹൈന്ദവ നേതാക്കൾക്കെതിരേ ചുമത്തിയ രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ബംഗ്ലാദേശിൽ ഹിന്ദുക്കളുടെ വൻ പ്രതിഷേധ റാലി.
ഇന്നലെ തെക്കുകിഴക്കൻ നഗരമായ ഛട്ടോഗ്രാമിൽ നടന്ന റാലിയിൽ 30,000 പേർ പങ്കെടുത്തു. റാലിക്ക് കനത്ത സുരക്ഷയൊരുക്കിയിരുന്നു. തലസ്ഥാനമായ ധാക്ക ഉൾപ്പെടെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രതിഷേധം അരങ്ങേറി.
ഓഗസ്റ്റിൽ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി ഷേക്ക് ഹസീന രാജ്യംവിട്ടശേഷം ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരേ വ്യാപക ആക്രമണങ്ങൾ അരങ്ങേറിയിരുന്നു. ന്യൂനപക്ഷങ്ങൾക്കെതിരേ രണ്ടായിരത്തിലേറെ ആക്രമണമുണ്ടായെന്ന് ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ അറിയിച്ചു.
17 കോടി വരുന്ന ജനസംഖ്യയിൽ എട്ടു ശതമാനമാണു ഹിന്ദുക്കൾ. രാജ്യത്ത് 91 ശതമാനം പേർ മുസ്ലിംകളാണ്. ബാക്കി ക്രൈസ്തവരടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളാണ്.
ബുധനാഴ്ച പ്രമുഖ പൂജാരി ചന്ദൻകുമാർ ധർ ഉൾപ്പെടെ 19 ഹിന്ദു നേതാക്കൾക്കെതിരേ രാജ്യദ്രോഹത്തിനു കേസെടുത്തിരുന്നു. ഒക്ടോബർ 25ന് ഛട്ടോഗ്രാമിൽ നടന്ന റാലിയുടെ പേരിലായിരുന്നു കേസ്. രണ്ടു ഹിന്ദുനേതാക്കളെ അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് ദേശീയ പതാകയ്ക്കു മുകളിൽ കാവിക്കൊടി കെട്ടിയതിനായിരുന്നു കേസെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല