സ്വന്തം ലേഖകന്‍: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാനുള്ള ഭീകര പദ്ധതി തകര്‍ത്തതായി വെളിപ്പെടുത്തല്‍, നിര്‍ണായകമായത് ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയുടെ ഇടപെടല്‍. ഷെയ്ഖ് ഹസീനയെ വധിക്കാന്‍ നാലാഴ്ച മുന്‍പ് ഭീകരര്‍ നടത്തിയ ശ്രമം ബംഗ്ലദേശ് സുരക്ഷാവിഭാഗം തകര്‍ത്തതായി ബംഗ്ലദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2009 ല്‍ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയ ശേഷം ഹസീനയ്ക്കു നേരെയുണ്ടാകുന്ന പതിനൊന്നാമത്തെ വധശ്രമമാണിത്.
ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അംഗരക്ഷകര്‍ വധിച്ചതുപോലെ ഹസീനയുടെ അംഗരക്ഷകരെ സ്വാധീനിച്ചു കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബംഗ്ലദേശ് ആസ്ഥാനമായ ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലദേശ് (ജെഎംബി) ഭീകരരാണു ഹസീനയെ വധിക്കാന്‍ പദ്ധതിയിട്ടത്. ഇതിനായി പ്രധാനമന്ത്രിക്കു സുരക്ഷയൊരുക്കുന്ന പ്രത്യേക സേനയിലെ (എസ്എസ്എഫ്) ഏഴോളം ജീവനക്കാരെ ഇവര്‍ സ്വാധീനിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 24ന് പതിവു സായാഹ്ന നടത്തത്തിനായി ഹസീന ഓഫിസില്‍നിന്നു പുറത്തിറങ്ങുമ്പോള്‍ പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം. ജെഎംബി ഭീകരരും അംഗരക്ഷകരും തമ്മിലുള്ള സംഭാഷണം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ ബംഗ്ലദേശ് ഇന്റലിജന്‍സ് ചോര്‍ത്തിയതോടെയാണു ഗൂഢാലോചന പൊളിഞ്ഞത്. തുടര്‍ന്നു ഹസീനയുടെ സുരക്ഷ ശക്തമാക്കിയതായും പിടിയിലായ അംഗരക്ഷകരെ ചോദ്യം ചെയ്തു വരികയാണെന്നും ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല