സ്വന്തം ലേഖകന്‍: ബംഗ്ലദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ പ്രമുഖ നേതാവ് മുഹമ്മദ് ഖമറുസ്സമാനെ തൂക്കിക്കൊന്നു. നേരത്തെ 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് പാക്ക് സൈന്യത്തിനൊപ്പം ചേര്‍ന്നു നടത്തിയ കൂട്ടക്കൊലകളുടെ പേരില്‍ ഖമറുസ്സമ്മാന്‍ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് ഖമറുസ്സമാന്‍ കോടതിയില്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ ശിക്ഷ നടപ്പാക്കിയത്. 1971 ല്‍ ഇന്ത്യയുടെ സഹായത്തോടെ നടത്തിയ വിമോചന യുദ്ധത്തെത്തുടര്‍ന്നാണ് മുമ്പ് പാക്കിസ്ഥാന്റെ ഭാഗമായിരുന്ന ബംഗ്ലാദേശ്, സ്വാതന്ത്ര്യം നേടിയത്.
അന്നു പാക്കിസ്ഥാന്‍ പക്ഷത്തായിരുന്ന ജമാ അത്തെ ഇസ്‌ലാമി, വിമോചന പോരാളികളെയും പോരാട്ടത്തെ അനുകൂലിച്ച ബുദ്ധിജീവികളെയും കൊന്നൊടുക്കിയെന്നാണ് ആരോപണം. യുദ്ധകാലത്തു 30 ലക്ഷം പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനു സ്ത്രീകള്‍ മാനഭംഗത്തിനിരയാവുകയും ചെയ്തിരുന്നു.
മൈമന്‍സിങ് മേഖലയില്‍ 164 പേരുടെ മരണത്തിനിടയാക്കിയ കലാപത്തിന് നേതൃത്വം നല്‍കിയത് ഖമറുസ്സമാനാണെന്നാണ് സുപ്രീം കോടതിയുടെ കണ്ടെത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല