സ്വന്തം ലേഖകൻ: സര്‍ക്കാര്‍ തൊഴില്‍ മേഖലയിലെ സംവരണത്തിനെതിരേ നടക്കുന്ന പ്രക്ഷോഭം രൂക്ഷമായ പശ്ചാത്തലത്തില്‍ ബംഗ്ലാദേശില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍. യാത്രകളും താമസിക്കുന്ന സ്ഥലങ്ങളില്‍നിന്ന് പുറത്തിറങ്ങുന്നതും പരമാവധി ഒഴിവാക്കണമെന്നാണ് നിര്‍ദേശം.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടിയന്തര സഹായ നമ്പറുകളും ഹൈക്കമ്മിഷന്‍ സജ്ജമാക്കിയിട്ടുണ്ട്. എന്തെങ്കിലും വിധത്തിലുള്ള അടിയന്തര സാഹചര്യമുണ്ടാകുന്ന പക്ഷം ഹൈക്കമ്മിഷനെയും അസിസ്റ്റന്റ് ഹൈക്കമ്മിഷനുകളെയും ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
സര്‍ക്കാര്‍ ജോലിയിലെ സംവരണ നയത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ബംഗ്ലാദേശിലെമ്പാടും ഉയരുന്നത്. കഴിഞ്ഞ മാസം മുതല്‍ ആരംഭിച്ച സംഘര്‍ഷങ്ങളില്‍ ഇതുവരെ ആറുപേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. സംവരണവിരുദ്ധ പ്രതിഷേധക്കാരും ഭരണകക്ഷിയായ അവാമി ലീഗിന്റെ വിദ്യാര്‍ഥി വിഭാഗവും തമ്മിലാണ് ഏറ്റുമുട്ടല്‍. കൊല്ലപ്പെട്ട മൂന്നുപേര്‍ വിദ്യാര്‍ഥികളാണെന്നാണ് വിവരം.
സംവരണസമ്പ്രദായം പരിഷ്‌കരിച്ച് സര്‍ക്കാര്‍ സര്‍വീസുകളില്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. സര്‍ക്കാര്‍ തൊഴിലുകളിലെ സംവരണം ഇല്ലാതാക്കുന്ന 2018-ലെ ഉത്തരവ് നിയമവിരുദ്ധമെന്നു പറഞ്ഞ് ജൂണ്‍ അഞ്ചിന് ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് സമരം തുടങ്ങിയത്. കഴിഞ്ഞയാഴ്ച ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പുതിയ സമരം തുടങ്ങിയതോടെ പ്രക്ഷോഭം ശക്തിയാര്‍ജിച്ചു. അതേസമയം, ഹൈക്കോടതി വിധി നടപ്പാക്കുന്നത് ജൂലായ് 10-ന് സുപ്രീംകോടതി താത്കാലികമായി മരവിപ്പിച്ചിരുന്നു.
നിലവിലെ സമ്പ്രദായമനുസരിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ 30 ശതമാനം സീറ്റുകള്‍ 1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തില്‍ പങ്കെടുത്തവരുടെ പിന്‍തലമുറക്കാര്‍ക്കും 10 ശതമാനം അഡ്മിനിസ്ട്രേറ്റീവ് ജില്ലകള്‍ക്കും 10 ശതമാനം സ്ത്രീകള്‍ക്കും അഞ്ച് വംശീയന്യൂനപക്ഷങ്ങള്‍ക്കും ഒരു ശതമാനം ഭിന്നശേഷിക്കാര്‍ക്കുമായാണ് സംവരണം ചെയ്തിട്ടുള്ളത്. പ്രതിവര്‍ഷം പഠിച്ചിറങ്ങുന്ന നാലുലക്ഷത്തില്‍പ്പരം ബിരുദവിദ്യാര്‍ഥികള്‍ക്ക് 3000 തൊഴിലവസരമേ സര്‍ക്കാര്‍മേഖലയിലുള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല