സ്വന്തം ലേഖകന്‍: യുദ്ധക്കുറ്റം ആരോപിച്ച് ബംഗ്ലാദേശില്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് കൂട്ടത്തോടെ വധശിക്ഷ. 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ കുറ്റവാളികളെന്നാരോപിച്ച് തടവിലിട്ട മുതിര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ വധശിക്ഷ ബംഗ്ലാദേശ് സുപ്രീംകോടതി ശരിവെച്ചു. വധശിക്ഷക്കെതിരെ സലാഹുദ്ദീന്‍ ഖാദര്‍ ചൗധരി, ഹസന്‍ മുഹമ്മദ് മുജാഹിദ് എന്നിവര്‍ സമര്‍പ്പിച്ച ദയാഹരജി കോടതി തള്ളി.
ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറല്‍ അലി അഹ്‌സന്‍ മുഹമ്മദ് മുജാഹിദ്, ബംഗ്‌ളാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി നേതാവ് സലാഹുദ്ദീന്‍ ഖാദര്‍ ചൗധരി എന്നിവരുടെ വധശിക്ഷയാണ് കോടതി ശരിവെച്ചത്. വധശിക്ഷക്കെതിരെ ഇരുവരും സമര്‍പ്പിച്ച ദയാഹരജി ചീഫ് ജസ്റ്റിസ് സുരേന്ദ്രകുമാര്‍ സിന്‍ഹ അടങ്ങുന്ന നാലംഗ ബെഞ്ച് തള്ളി. 1971 ഡിസംബര്‍ 16ന് നടന്ന കലാപം ആസൂത്രണം ചെയ്തുവെന്നാരോപിച്ചാണ് മുജാഹിദിനെ അറസ്റ്റ് ചെയ്തത്. ചിറ്റഗോങ്ങില്‍ കലാപം ആസൂത്രണം ചെയ്തതിനാണ് ചൗധരിയെ അറസ്റ്റ് ചെയ്തത്. വിധിക്കെതിരെ ജമാഅത്തെ ഇസ്ലാമി ഹര്‍ത്താലിന് ആഹ്വാനംചെയ്തു. ഖാലിദ സിയയുടെ കാലത്ത് മുതിര്‍ന്ന മന്ത്രിമാരായിരുന്നു ഇരുവരും. ബംഗ്‌ളാദേശ് അന്താരാഷ്ട്ര ട്രൈബ്യൂണല്‍ കോടതിയാണ് ഇവര്‍ക്കെതിരെ വധശിക്ഷ വിധിച്ചത്.
2010ല്‍ അവാമി ലീഗ് സര്‍ക്കാര്‍ പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കുന്നതിന്റെ ഭാഗമായാണ് യുദ്ധക്കുറ്റങ്ങള്‍ പരിഗണിക്കാനുള്ള ട്രൈബ്യൂണല്‍ സ്ഥാപിച്ചത്. 2013ന്റെ തുടക്കം മുതല്‍ യുദ്ധക്കുറ്റം ചുമത്തി പ്രതിപക്ഷ നേതാക്കളെ വധശിക്ഷക്ക് വിധിക്കുന്നതിനെതിരെ ആഗോളതലത്തി ല്‍മനുഷ്യാവകാശ സംഘങ്ങള്‍ രംഗത്തിറങ്ങിയിരുന്നു. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളെയടക്കം ഇതുവരെ ഏഴു നേതാക്കളെയാണ് വധശിക്ഷക്ക് വിധിച്ചത്. ട്രൈബ്യൂണല്‍ വിധിക്കെതിരെ നടന്ന പ്രതിഷേധങ്ങളില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു. 1971ല്‍ നടന്ന ബംഗ്‌ളാദേശ് വിമോചനയുദ്ധത്തില്‍ 30 ലക്ഷം പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല