1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2018

സ്വന്തം ലേഖകന്‍: കനത്താ സുരക്ഷയില്‍ ബംഗ്ലാദേശില്‍ ഇന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; സുരക്ഷ ഉറപ്പാക്കാന്‍ ആറു ലക്ഷം ഭടന്മാരെ വിന്യസിച്ചു. ഇന്നു നടക്കുന്ന ബംഗ്‌ളാദേശ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാലാംവട്ടവും അധികാരത്തിലെത്താമെന്ന പ്രതീക്ഷയിലാണ് അവാമി ലീഗ് നേതാവും പ്രധാനമന്ത്രിയുമായ ഷേക്ക് ഹസീന. സുരക്ഷയ്ക്കായി പോലീസ്, സൈനിക, അര്‍ധസൈനിക വിഭാഗങ്ങളില്‍പ്പെട്ട ആറുലക്ഷം ഭടന്മാരെ നിയോഗിച്ചു.

ഞായറാഴ്ച അര്‍ധരാത്രിവരെ 3ജി, 4ജി സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി.അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ച് സമാധാനാന്തരീക്ഷം തകര്‍ക്കുവാന്‍ നീക്കം ഉണ്ടാവുമെന്ന ആശങ്കയിലാണ് നടപടി. തെരഞ്ഞെടുപ്പ് സംഘട്ടനങ്ങളില്‍ ഇതിനകം 13 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

300 പാര്‍ലമെന്റ് സീറ്റുകളില്‍ 1848 സ്ഥാനാര്‍ഥികളാണു മത്സരിക്കുന്നത്. വോട്ടര്‍മാരുടെ എണ്ണം പത്തരക്കോടിയോളം. ഇവര്‍ക്കായി 40,183 പോളിംഗ് ബൂത്തുകള്‍ സജ്ജീകരിച്ചു. ബിഎന്‍പി നേതാവും മുന്‍പ്രധാനമന്ത്രിയുമായ ഖാലിദ സിയ അഴിമതിക്കേസില്‍ പത്തു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. പാര്‍ട്ടിയുടെ ആക്ടിംഗ് നേതാവും ഖാലിദയുടെ മകനുമായ താരിക്ക് റഹ്മാന്‍ അറസ്റ്റു ഭയന്ന് വിദേശത്തും.

മുന്‍ തെരഞ്ഞെടുപ്പു ബഹിഷ്‌കരിച്ച ബിഎന്‍പി ഇത്തവണ പുതിയ മുന്നണിയുണ്ടാക്കിയാണു മത്സര രംഗത്തിറങ്ങിയിട്ടുള്ളത്. ബംഗ്‌ളാദേശ് ഭരണഘടന തയാറാക്കുന്നതിനു നേതൃത്വം നല്കിയ 82കാരനായ കമല്‍ ഹുസൈനാണ് മുന്നണിയുടെ നേതാവ്. തീവ്രവിലപാടുകളുള്ള ജമാ അത്ത് ഇ ഇസ്‌ലാമിയുടെ നേതാക്കളും ഇത്തവണ മത്സര രംഗത്തുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.