സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സ്ഥാനം ഒഴിയണമെന്ന് നാവു പിഴച്ചപ്പോള്‍ അവതാരകന്‍, പൊട്ടിച്ചിരിച്ച് പ്രധാനമന്ത്രിമാര്‍. ഇന്ത്യാസന്ദര്‍ശനത്തിനെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ന്യൂഡല്‍ഹിയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഉദ്യോഗസ്ഥന് അബദ്ധംപറ്റിയത്.
ഇരു നേതാക്കളെയും, കരാറുകളില്‍ ഒപ്പിട്ടശേഷം മാധ്യമപ്രവര്‍ത്തകരെ കാണാന്‍ ക്ഷണിക്കുകയായിരുന്നു അവതാരകനായ ഉദ്യോഗസ്ഥന്‍. ഇരുവരും വേദിയില്‍നിന്ന് താഴെയിറങ്ങണമെന്ന അര്‍ഥത്തില്‍ ‘ഐ നൗ റിക്വസ്റ്റ് ദ റ്റു പ്രൈം മിനിസ്റ്റേഴ്‌സ് റ്റു സ്റ്റെപ് ഡൗണ്‍’ എന്നായിരുന്നു ഉദ്യോഗസ്ഥന്‍ മൈക്കിലൂടെ പറഞ്ഞത്. സ്റ്റെപ്പ് ഡൗണ്‍ എന്ന വാക്കിന് സ്ഥാനമൊഴിയുക എന്നും അര്‍ഥമുണ്ട്.
സ്റ്റെപ് ഡൗണ്‍ എന്നു കേട്ടതോടെ സദസ്സ് ആദ്യം അമ്പരന്നെങ്കിലും അവതാരകന് പിഴവുപറ്റിയതാണെന്ന് മനസ്സിലായതോടെ സംഭവം കൂട്ടച്ചിരിക്ക് വഴിമാറി. തങ്ങളോട് അധികാരത്തില്‍നിന്നൊഴിയാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്റെ തമാശയില്‍ മോദിയും ഷെയ്ഖ് ഹസീനയും പങ്കുചേര്‍ന്നതോടെ ചടങ്ങില്‍ കൂട്ടച്ചിരിയായി. എന്തായാലൂം അവതാരകന്റെ അഭ്യര്‍ത്ഥ സ്വീകരിച്ച ഇരു നേതാക്കളും വേദിയില്‍ നിന്ന് താഴെയെത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല