സ്വന്തം ലേഖകൻ: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിൽ 300 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ 14 പൊലീസുകാരും ഉൾപ്പെടുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നൂറിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമി ലീഗ് അനുയായികളും പ്രതിഷേധക്കാരും തമ്മിലാണ് ഏറ്റുമുട്ടൽ.
സംഘർഷങ്ങളെ തുടർന്ന് ബംഗ്ലാദേശിൽ രാജ്യവ്യാപകമായ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങി സാമൂഹികമാധ്യമങ്ങളെല്ലാം സർക്കാർ നിർദേശത്തെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ചു.
ബംഗ്ലാദേശിലുള്ള ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു. ബംഗ്ലാദേശിലേക്കുള്ള ഇന്ത്യൻ പൗരന്മാരുടെ യാത്രയും കേന്ദ്രസർക്കാർ വിലക്കിയിട്ടുണ്ട്. സില്‍ഹറ്റിലെ ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷണറുടെ അധികാരപരിധിയിൽ താമസിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ഓഫീസുമായി ബന്ധപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇന്ത്യക്കാർക്കായി ഹെൽപ്ലൈൻ തുറന്നിട്ടുണ്ട്. നമ്പർ – +8801958383679, +8801958383680, +8801937400591.
ഏതാനും ആഴ്ചകൾക്കു മുൻപ് സർക്കാർ സർവീസിലെ സംവരണം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശിൽ വൻ പ്രക്ഷോഭം നടന്നിരുന്നു. പ്രക്ഷോഭത്തിൽ 150 ലധികം പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല