1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2024

സ്വന്തം ലേഖകൻ: ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് രാജ്യം വിടാൻ നിർബന്ധിതയായതിനെ തുടർന്നുണ്ടായ കലാപം കണക്കിലെടുത്തു ബംഗ്ലാദേശിലെ എല്ലാ ഇന്ത്യൻ വീസാ അപേക്ഷാ കേന്ദ്രങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാൻ തീരുമാനം. അസ്ഥിരമായ സാഹചര്യം കാരണം ബംഗ്ലാദേശിലെ എല്ലാ ഇന്ത്യൻ വീസാ അപ്ലിക്കേഷൻ സെന്ററുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുകയാണെന്ന സന്ദേശമാണ് നിലവിൽ ഇന്ത്യൻ വീസയ്ക്ക് അപേക്ഷിക്കാനുള്ള ഓൺലൈൻ പോർട്ടലിൽ കാണിക്കുന്നത്. വീസയ്ക്ക് അപേക്ഷിക്കാനുള്ള തീയതി എസ്എംഎസ് മുഖേന പിന്നീട് അറിയിക്കുമെന്നും പോർട്ടലിൽ പറയുന്നു.

ബംഗ്ലാദേശിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും ഹൈ കമ്മീഷനിൽ നിന്നും അനിവാര്യമല്ലാത്ത ഉദ്യോഗസ്ഥരെയും അവരുടെ കുടുംബത്തെയും തിരികെ വിളിച്ച നടപടിക്ക് പിന്നാലെയാണ് തീരുമാനം. എന്നാൽ ഹൈക്കമ്മീഷനിലെ നയതന്ത്ര ഉദ്യോഗ്സഥരെല്ലാം ഇപ്പോഴും ബംഗ്ലാദേശിൽ തന്നെ തുടരുകയാണെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ബംഗ്ലാദേശിലെ ധാക്കയിലാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിതി ചെയ്യുന്നത്. കൂടാതെ ചിറ്റഗോംഗ്, രാജ്ഷാഹി, ഖുൽന, സിൽഹെറ്റ് എന്നിവിടങ്ങളിൽ കോൺസുലേറ്റുകളും ഉണ്ട്.

ബംഗ്ലാദേശിൽ ഏകദേശം 19,000 ഇന്ത്യൻ പൗരന്മാരുണ്ടെന്നും അതിൽ 9,000 വിദ്യാർഥികളാണെന്നും അയൽരാജ്യത്തിലെ സ്ഥിതിഗതികളെ വിലയിരുത്തി പാർലമെൻ്റിനെ അഭിസംബോധന ചെയ്തുകൊണ്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് നിരവധി വിദ്യാർഥികൾ ഇന്ത്യയിലേക്ക് മടങ്ങിയതായി അദ്ദേഹം പറഞ്ഞു. അവിടെയുള്ള ഇന്ത്യൻ സമൂഹവുമായി സർക്കാർ അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും ബംഗ്ലാദേശിൽ താമസിക്കുന്ന ന്യൂനപക്ഷങ്ങളുടെ സാഹചര്യം സർക്കാർ നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു.

ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിനെതിരായ വൻ ജനകീയ പ്രക്ഷോഭത്തെ തുടർന്നാണ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജി വെയ്ക്കാൻ നിർബന്ധിതയായത്. ഭരണകാര്യങ്ങൾ നിർവഹിക്കുന്നതിനായി രൂപീകരിക്കുന്ന ഇടക്കാല സർക്കാരിനെ നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസാണ് നയിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.