സ്വന്തം ലേഖകൻ: ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള തന്ത്രപ്രധാനമായ ചെറുദ്വീപാണ് സെയ്ന്റ് മാര്‍ട്ടിന്‍. ബംഗ്ലാദേശിലെ ഒരേയൊരു പവിഴദ്വീപ്. സെയ്ന്റ് മാര്‍ട്ടിന്റെ പരമാധികാരം യു.എസിന് കൈമാറിയിരുന്നെങ്കില്‍ തനിക്ക് രാജിവെക്കേണ്ടിവരില്ലെന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രസ്താവനയോടെ ദ്വീപിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അധീശത്വം സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യു.എസിനും ചൈനയ്ക്കും ഈ ദ്വീപില്‍ കണ്ണുണ്ട്. ദ്വീപില്‍ വ്യോമതാവളം നിര്‍മിക്കാന്‍ യു.എസിന് പദ്ധതിയുണ്ടെന്ന് മുന്‍പും ഹസീന ആരോപിച്ചിരുന്നു.
ഇക്കൊല്ലമാദ്യം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ കത്തിനിന്ന വിഷയമായിരുന്നു സെയ്ന്റ് മാര്‍ട്ടിന്‍. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി(ബി.എന്‍.പി.)യുടെ നേതാവുമായ ഖാലിദാ സിയ ദ്വീപ് യു.എസിന് വില്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ഹസീന ആരോപിച്ചിരുന്നു.
ബംഗ്ലാദേശിന്റെ തെക്കേയറ്റത്തെ കോക്‌സ് ബസാറിന് എട്ടുകിലോമീറ്റര്‍ അകലെയുള്ള ദ്വീപിന്, മൂന്നു ചതുരശ്രകിലോമീറ്റര്‍ ആണ് വീസ്തൃതി. 3700-ഓളം താമസക്കാരുണ്ട്. മീന്‍പിടിത്തം, നെല്‍കൃഷി, തെങ്ങുകൃഷി എന്നിവയാണ് ഇവിടത്തുകാരുടെ പ്രധാന ഉപജീവനമാര്‍ഗം. മത്സ്യ-കാര്‍ഷിക വിഭവങ്ങള്‍ മ്യാന്‍മാറിലേക്കാണ് പ്രധാനമായും കയറ്റുമതിചെയ്യുന്നത്.
1900-കളില്‍ സെയ്ന്റ് മാര്‍ട്ടിന്‍ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നു. 1937-ല്‍ മ്യാന്‍മാര്‍ വേറിട്ടശേഷവും ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിത്തുടര്‍ന്നു. 1947-ലെ വിഭജനത്തോടെ പാകിസ്താനുകീഴിലായി. 1971-ലെ യുദ്ധത്തെത്തുടര്‍ന്ന് ബംഗ്ലാദേശിനോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല