1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2024

സ്വന്തം ലേഖകൻ: ബം​ഗ്ലാദേശിൽ നടന്നതിനെല്ലാം പിന്നിൽ പ്രവർത്തിച്ചത് അമേരിക്കയാണെന്ന് പ്രധാനമന്ത്രി പദം രാജിവച്ച് ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീന. ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതിനു മുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്യാൻ ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസം​ഗത്തിലാണ് ഈ ​ഗുരുതര ആരോപണമുള്ളത്. പ്രക്ഷോഭം രൂക്ഷമായതോടെ ബം​ഗ്ലാദേശ് പ്രധാനമന്ത്രി പദം രാജിവെക്കാൻ ഷെയ്ഖ് ഹസീന നിർബന്ധിതയാകുകയായിരുന്നു.

ബം​ഗ്ലാദേശിൽ ഭരണമാറ്റം ഉണ്ടാക്കാൻ അമേരിക്ക ആസൂത്രിത ശ്രമം നടത്തിയെന്നാണ് ഷെയ്ഖ് ഹസീന പ്രസം​ഗത്തിൽ ആരോപിക്കുന്നത്. എതിരാളികളായ ബം​ഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയെ അമേരിക്ക സഹായിച്ചെന്നാണ് അവർ കുറ്റപ്പെടുത്തുന്നത്.

‘മൃതദേഹഘോഷയാത്ര കാണാതിരിക്കാനാണ് ഞാൻ രാജിവച്ചത്. വിദ്യാർത്ഥികളുടെ മൃതദേഹങ്ങളിൽ ചവിട്ടി അധികാരത്തിലേറാമെന്നാണ് അവർ കണക്കുകൂട്ടിയത്. പക്ഷേ, അതിന് ഞാൻ അനുവദിച്ചില്ല. അതിനും മുമ്പേ രാജിവച്ചൊഴിഞ്ഞു. പരിഷ്കരണ തീവ്രവാദികളുടെ സ്വാധീനത്തിൽ പെട്ടുപോവരുതെന്നാണ് എന്റെ ജനങ്ങളോട് എനിക്ക് പറയാനുള്ളത്.

സെന്റ് മാര്‍ട്ടിന്‍ ദ്വീപിന്റെ പരമാധികാരം അമേരിക്കയ്ക്ക് അടിയറവെക്കുകയും ബംഗാള്‍ ഉള്‍ക്കടലിനുമേല്‍ അധികാരം സ്ഥാപിക്കാന്‍ അവരെ അനുവദിക്കുകയും ചെയ്തിരുന്നെങ്കില്‍ എനിക്ക് അധികാരത്തില്‍ തുടരാമായിരുന്നു. അതിന് ഞാൻ ഒരുക്കമല്ലായിരുന്നു. ഞാൻ രാജ്യത്ത് തുടർന്നാൽ കൂടുതൽ പേർ കൊല്ലപ്പെടും. ഞാൻ സ്വയം ഒഴിഞ്ഞുപോകുകയാണ്. നിങ്ങളായിരുന്നു എന്റെ ബലം. പക്ഷേ, നിങ്ങൾക്കെന്നെ വേണ്ടാതായി. അതിനാൽ ഞാൻ പോകുന്നു’. ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസം​ഗത്തിൽ പറയുന്നു.

പ്രതീക്ഷ കൈവിടരുതെന്ന് തന്റെ പാർട്ടിയായ അവാമി ലീ​ഗിന്റെ പ്രവർത്തകരോട് ഷെയ്ഖ് ഹസീന പറയുന്നുണ്ട്. ‘പ്രതീക്ഷ കൈവിടരുത്. ഞാൻ വേ​ഗം തിരിച്ചുവരും. എനിക്കെല്ലാം നഷ്ടമായി. പക്ഷേ, ബം​ഗ്ലാദേശിലെ ജനം വിജയിച്ചു, എന്റെ പിതാവും എന്റെ കുടുംബവും ആർക്കു വേണ്ടിയാണോ ഇല്ലാതായത് അതേ ജനം’-. പ്രസം​ഗത്തിൽ പറയുന്നു. തിരിച്ചടി നേരിട്ട കാലത്തൊക്കെ അവയെ അതീജീവിച്ച് അവാമി ലീ​ഗ് പൂർവ്വാധികം ശക്തിയോടെ തിരിച്ചുവന്നിട്ടുണ്ടെന്ന് മറക്കരുതെന്നും ഷെയ്ഖ് ഹസീന ഓർമ്മിപ്പിക്കുന്നു.

സംവരണവിഷയത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ താനൊരിക്കലും റസാക്കറുകൾ എന്ന് വിളിച്ചിട്ടില്ലെന്നും അവർ പ്രസം​ഗത്തിൽ വിശദീകരിക്കുന്നു. ‘ഞാനൊരിക്കലും നിങ്ങളെ റസാക്കറുകൾ എന്ന് വിശേഷിപ്പിച്ചിട്ടില്ല. എന്റെ വാക്കുകൾ വളച്ചൊടിച്ച് ബോധപൂർവ്വം നിങ്ങളെ അവർ പ്രകോപിപ്പിക്കുകയായിരുന്നു. ആ പ്രസം​ഗം പൂർണമായും കേൾക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു’- ഹസീന പറയുന്നു. ഷെയ്ഖ് ഹസീനയുമായി അടുത്ത വൃത്തങ്ങളാണ് പ്രസം​ഗം പുറത്തുവിട്ടത്.

ഷെയ്ഖ് ഹസീന ഭരണത്തിലേറിയതോടെ ബം​ഗ്ലാദേശും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണിരുന്നു. ജനുവരിയിൽ ഷെയ്ഖ് ഹസീന നാലാമതും അധികാരത്തിലേറിയ തിരഞ്ഞെടുപ്പിനെതിരെ അമേരിക്ക രം​ഗത്തുവരികയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമല്ലെന്നായിരുന്നു അമേരിക്കയുടെ വിമർശനം.

പ്രക്ഷോഭം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന രാജിവച്ച് പലായനം ചെയ്തതോടെ ബം​ഗ്ലാദേശിൽ നൊബേൽ സമ്മാന ജേതാവ് മുഹമമ്ദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് ഭരണത്തിലുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.