1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2024

സ്വന്തം ലേഖകൻ: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. ബംഗ്ലാദേശ് സർക്കാരിനെതിരായ വിദ്യാർഥിപ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് രാജി. നേരത്തെ, 45 മിനിറ്റുളളിൽ രാജിവെയ്ക്കണമെന്ന് സൈന്യം പ്രധാനമന്ത്രിക്ക് അന്ത്യശാസനം നൽകിയിരുന്നു. ഞായറാഴ്ച പ്രതിഷേധം രൂക്ഷമായെങ്കിലും പ്രക്ഷോഭകാരികളെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അക്രമികളെ ശക്തമായി നേരിടുമെന്നു നിലപാടിലായിരുന്നു.

എന്നാൽ, സൈന്യം നേരിട്ട് നിലപാട് അറിയിച്ചതോടെയാണ് തീരുമാനം മാറ്റിയത്. ഹസീനയുടെ രാജിയെക്കുറിച്ചുള്ള വാർത്തകർ പുറത്തുവന്നതോടെ അവരുടെ ഔദ്യോഗിക വസതിയിലേക്ക് പ്രക്ഷോഭകർ ഇരച്ചുകയറുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതിഷേധക്കാർ ഒന്നിച്ച് വസതിയിലേക്ക് ഇരച്ചുകയറുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. അഫ്​ഗാനിലേയും ശ്രീലങ്കയിലേയും പ്രക്ഷോഭവുമായി താരതമ്യപ്പെടുത്തിയാണ് സാമൂഹികമാധ്യമങ്ങളിൽ ചിലർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർഥിപ്രക്ഷോഭത്തിൽ 91 പേർ കൊല്ലപ്പെട്ടിരുന്നു. ഇരുനൂറിലേറെപ്പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.. പ്രക്ഷോഭകർക്കെതിരേ ഭരണകക്ഷിയായ അവാമിലീഗ് പ്രവർത്തകർ രംഗത്തുവന്നതാണ് സംഘർഷത്തിൽ കലാശിച്ചത്. 14 പോലീസുകാരും കൊല്ലപ്പെട്ടു. 13 ജില്ലകളിൽ സംഘർഷമുണ്ടായി.

ധാക്കയിലെ മെഡിക്കൽ കോളേജും ആക്രമണത്തിനിരയായി. അവാമിലീഗ് പാർട്ടിയുടെ ഒട്ടേറെ ഓഫീസുകളും തകർത്തു. പ്രക്ഷോഭകർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു. പോലീസ് കണ്ണീർവാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചു. രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളുടെ പ്രവർത്തനം രാജ്യത്ത് നിർത്തി. മൊബൈൽ ഇന്റർനെറ്റ് സേവനവും നിരോധിച്ചു.

‘സ്റ്റുഡന്റ്സ് എഗെയ്ൻസ്റ്റ് ഡിസ്‌‌ക്രിമിനേഷൻ’ എന്ന സംഘടനയാണ് സർക്കാരിനെതിരേ നിസ്സഹകരണസമരം തുടങ്ങിയത്. ഫാക്ടറികളും പൊതുഗതാഗതവും നിർത്തിവെക്കാനും വിദ്യാർഥികൾ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യസമരസേനാനികളുടെ ബന്ധുക്കൾക്ക് സർക്കാർജോലിയിൽ നൽകുന്ന സംവരണത്തിനെതിരേ ജൂലായിൽ നടന്ന പ്രക്ഷോഭങ്ങളിൽ 200- ഓളംപേർ കൊല്ലപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.