1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2018

സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ആളിപ്പടരുന്നു; ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവില്‍. റോഡ് സുരക്ഷ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു. പ്രതിഷേധത്തിന്റെ എട്ടാം ദിവസമായ ഞായറാഴ്ച ആയിരക്കണക്കിന് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ നഗരത്തിലെത്തി. വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ പൊലീസ് ടിയര്‍ഗ്യാസും ലാത്തിച്ചാര്‍ജും നടത്തിയത് സംഘര്‍ഷത്തിന് കാരണമായി.

സംഭവത്തില്‍ നൂറിലേറെ കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിനിടെ, വിദ്യാര്‍ഥി പ്രക്ഷോഭത്തിന് നേരെ അജ്ഞാതരായ ആള്‍കൂട്ടവും കഴിഞ്ഞ ദിവസം ആക്രമണം നടത്തി. പ്രതിഷേധക്കാര്‍ നഗരം വിട്ടുപോകാനാവശ്യപ്പെട്ടാണ് ആയുധങ്ങളുമായെത്തിയ സംഘം അക്രമമഴിച്ചുവിട്ടത്. ഭരണകക്ഷിയായ അവാമി ലീഗ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപിക്കപ്പെടുന്നത്. പ്രതിഷേധക്കാര്‍ക്കിടയിലൂടെ കടന്നുപോവുകയായിരുന്ന യു.എസ് അംബാസഡറുടെ കാറിനു നേരെയും കൈയേറ്റശ്രമമുണ്ടായെങ്കിലും പരിക്കേല്‍കാതെ രക്ഷപ്പെട്ടു.

സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നഗരത്തില്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിരോധിച്ചിട്ടുണ്ട്. കുട്ടികള്‍ നഗരത്തിലെ സമരപ്രദേശത്ത് എത്താതിരിക്കാന്‍ പൊലീസ് കര്‍ശനമായ പരിശോധനയും നടത്തുന്നുണ്ട്. വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി ശൈഖ് ഹസീന രംഗത്തെത്തി. കുട്ടികള്‍ നഗരത്തില്‍നിന്ന് പിരിഞ്ഞുപോകണമെന്നും അവരെ വീട്ടില്‍നിന്ന് പുറത്തുവിടാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബസ് അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണമായത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.