ബംഗ്ളാദേശില്‍ ഷേക്ക് ഹസീ നയുടെ നേതൃത്വത്തിലുള്ള അവാമിലീഗ് ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ മതതീവ്രവാദികളുമായി ബന്ധമുള്ള ചില സൈനികര്‍ നടത്തിയ ഗൂഢാലോചന സൈന്യം തകര്‍ത്തു. സര്‍വീസിലുള്ള സൈനികരും മുന്‍സൈനികരും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് മസൂദ് റസാക്ക് ധാക്കാ കന്റോണ്‍മെന്റില്‍ നട ത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനാ വാജിദിന്റെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാരിനെ ജനുവരി 9, 10 തീയതികളില്‍ അട്ടിമറിക്കാനായിരുന്നു പദ്ധതി. ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 1975 ല്‍ പട്ടാള അട്ടിമറിയില്‍ വധിക്കപ്പെട്ട ‘ബംഗബന്ധു’ ഷെയ്‌ഖ് മുജീബുര്‍ റഹ്‌മാന്റെ മൂത്ത പുത്രിയാണ് ഷെയ്‌ഖ് ഹസീന. ബംഗ്ലാദേശ് സ്‌ഥാപകനും പ്രഥമ പ്രസിഡന്റും പ്രധാനമന്ത്രിയുമായിരുന്നു മുജീബുര്‍ റഹ്‌മാന്‍.
അട്ടിമറിക്കു ശ്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മധ്യനിരയിലുള്ള ഓഫീസര്‍മാരാണു പ്രതികളെന്നു പറഞ്ഞ റസാക്ക് വിശദവിവരങ്ങള്‍ നല്‍കാന്‍ തയാറായില്ല. പതിനാറു പേരെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. മുന്‍ ലഫ്റ്റനന്റ് കേണല്‍ ഇഹ്സാന്‍ യൂസഫും ഒരു മുന്‍ മേജര്‍ സക്കീറും കസ്റഡിയിലുണ്െടന്നും ഗൂഢാലോചനയില്‍ പങ്കെടുത്തതായി അവര്‍ സമ്മതിച്ചെന്നും റസാക്ക് അറിയിച്ചു. സര്‍വീസിലു ള്ള മേജര്‍ സെയ്ദ് സിയാ ഉള്‍ഹഖ് ഒളിവിലാണ്. ഇസ്ലാമിക തീവ്രവാദികളുമായി ബന്ധമുള്ള സൈനികര്‍ ഹസീന സര്‍ക്കാരിനെതിരേ അട്ടിമറിനീക്കം നടത്താന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പു നല്‍കിയിരുന്നു.
1975 ഓഗസ്‌റ്റ് 15 ന് മുജീബ് റഹ്‌മാനും കുടുംബാംഗങ്ങളില്‍ പലരും കൂട്ടക്കൊല ചെയ്യപ്പെട്ടതിനുശേഷം ബംഗ്ലാദേശ് പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞുമുള്ള പട്ടാളഭരണത്തിലായിരുന്നു. ജനറല്‍ സിയാവുര്‍ റഹ്‌മാന്റെയും ജനറല്‍ ഇര്‍ഷാദിന്റെയും ഭരണത്തിനുശേഷം 1991 ലാണ് അവിടെ ജനാധിപത്യം പുനഃസ്‌ഥാപിക്കപ്പെട്ടത്. ബംഗ്ലാദേശ് നാഷണലിസ്‌റ്റ് പാര്‍ട്ടി നേതാവായി സിയായുടെ വിധവ ബീഗം ഖാലിദ സിയയാണ് അന്ന് അധികാരത്തിലെത്തിയത്. 1996 ല്‍ ഷെയ്‌ഖ് ഹസീനയും 2001ല്‍ ഖാലിദ സിയയും തെരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രിമാരായി.
പിന്നീടു കടുത്ത രാഷ്‌ട്രീയ അനിശ്‌ചിതത്വം ബംഗ്ലാദേശിനെ പിടിച്ചുലച്ചു. പട്ടാളത്തിനു മേല്‍ക്കൈയുണ്ടായിരുന്ന കെയര്‍ ടേക്കര്‍ ഭരണകൂടത്തിനു കീഴില്‍ 2008 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഷെയ്‌ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് ഉജ്വല വിജയം നേടി തിരിച്ചെത്തുകയായിരുന്നു.
രണ്ടു വര്‍ഷം മുമ്പ് ബംഗ്ലാദേശ് റൈഫിള്‍സിലെ കലാപത്തെത്തുടര്‍ന്നു ഷെയ്‌ഖ് ഹസീനയുടെ അനന്തരവന്‍ ഫസ്‌ലെ നൂര്‍ തപോഷിനുനേരേ വധശ്രമമുണ്ടായി. സൈനിക വിചാരണയില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ അഞ്ചു സൈനിക ഓഫീസര്‍മാരെ അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചതിനു പിന്നാലെയാണ് സേനയ്‌ക്കുള്ളില്‍നിന്ന് അട്ടിമറിശ്രമം ഉണ്ടായിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല