സ്വന്തം ലേഖകൻ: വ്യാജ വെബ്സൈറ്റുകൾ വഴി ഗാർഹിക തൊഴിലാളികളെ ആകർഷകമായ നിരക്കിൽ വാഗ്ദാനം ചെയ്ത് ബാങ്ക് വിവരങ്ങൾ ചോർത്തുന്ന തട്ടിപ്പ് രീതിക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. ഇത്തരത്തിൽ ഒരു കമ്പനിയുടെ വ്യാജ പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് ആർ.ഒ.പിയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഓൺലൈനിലൂടെ മുന്നറിയിപ്പ് നൽകിയത്.
കമ്പനിയുടെ വെബ്സൈറ്റിൽ പ്രവേശിച്ച് റിസർവേഷൻ നടപടികൾ പൂർത്തിയാക്കുന്നതിലൂടെ ഉപയോക്താവിന്റെ ബാങ്ക് വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിക്കും. ഇതുവഴിയാണ് അക്കൗണ്ടിൽനിന്ന് പണം മോഷ്ടിക്കുന്നത്. വിശ്വാസയോഗ്യമല്ലാത്ത വെബ്സൈറ്റുകളിലൂടെ വ്യക്തിപരമായ വിവരങ്ങളോ ബാങ്കിങ് ഡേറ്റയോ പങ്കിടരുതെന്ന് റോയൽ ഒമാൻ പൊലീസ് പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി.
ഓൺലൈൻ ബാങ്കിങ് മേഖലയിലെ തട്ടിപ്പിനെതിരെ ബോധവത്കരണം ആർ.ഒ.പി ശക്തമാക്കിയതോടെ പുതിയ രീതികളാണ് സംഘം ഉപയോഗിക്കുന്നത്. ആദ്യകാലങ്ങളിൽ ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെന്ന രീതിയിൽ ഫോൺ വിളിച്ച് അക്കൗണ്ട് വിവരങ്ങളും മറ്റും കൈവശപ്പെടുത്തുന്ന രീതിയായിരുന്നു. പ്രമുഖ വാണിജ്യസ്ഥാപനം, ബാങ്ക് എന്നിവിടങ്ങളിൽ സമ്മാനത്തിനും മറ്റും അര്‍ഹനായിരിക്കുന്നുവെന്നും നിങ്ങള്‍ക്ക് ലഭിച്ച ഒ.ടി.പി നമ്പറും മറ്റുവിവരങ്ങളും നല്‍കണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പുകൾ നടന്നിരുന്നു. എന്നാൽ, ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ആളുകൾ ബോധവാന്മാരായതോടെ പുത്തൻ അടവുകളാണ് സംഘങ്ങൾ പയറ്റുന്നത്.
സുരക്ഷ കാരണങ്ങളാൽ ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നും വിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടണമെന്നുമുള്ളതാണ് പുതിയ തട്ടിപ്പുകളിലൊന്ന്. ജോലി വാഗ്ദാനം ചെയ്ത് ഓൺലൈനിലൂടെ പണം തട്ടുന്ന മറ്റൊരു രീതിക്കെതിരെ റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതിദിന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ടെക്സ്റ്റ് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് ആർ.ഒ.പി അറിയിച്ചിരുന്നു.
ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങൾ ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ ആവശ്യപ്പെടും. എന്നിട്ട് മുമ്പ് തട്ടിപ്പിലൂടെ നേടിയ തുക ഇതിലേക്ക് കൈമാറും. പിന്നീട് മുഴുവൻ തുകയും അവരുടെ യഥാർഥ അക്കൗണ്ടിലേക്ക് ഉടൻതന്നെ മാറ്റുകയും ചെയ്യുന്ന രീതിയാണ് സംഘം സ്വീകരിച്ചിരുന്നത്.
ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതർക്ക് കാർഡ് വിവരങ്ങൾ കൈമാറരുതെന്ന് റോയൽ ഒമാൻ പൊലീസ് നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. സ്വദേശികൾക്കും വിദേശികൾക്കുമായി നൽകിയ നിർദേശങ്ങളിലാണ് ബാങ്ക് കാർഡിന്റെ വിശദാംശങ്ങൾ, സി.വി.വി കോഡ്, ഒ.ടി.പി എന്നിവ കൈമാറരുതെന്ന് ആർ.ഒ.പി നിർദേശിച്ചിരിക്കുന്നത്.
വ്യക്തിഗത ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ.ടി.പി (വണ്‍ ടൈം പാസ്വേഡ്) തുടങ്ങിയവ ആവശ്യപ്പെടുന്ന ഫോൺകാളുകളെയും മെസേജുകളെയുംകുറിച്ച് ജാഗ്രത തുടരണമെന്ന് ബാങ്കിങ് മേഖലയിലുള്ളവർ പറയുന്നത്. വിവരങ്ങൾ പങ്കുവെച്ചുകഴിഞ്ഞാല്‍ അക്കൗണ്ടിൽനിന്ന് പണംതട്ടുന്ന രീതിയാണ് വ്യാപകമായി നടക്കുന്നത്.
എന്നാൽ, ഓൺലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നതിനും തട്ടിപ്പുസംഘം ഇത്തരം രീതി ഉപയോഗിക്കുന്നുണ്ട്. ഫോൺകാള്‍, ടെക്സ്റ്റ് മെസേജ്, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാതിരിക്കുക എന്നതുതന്നെയാണ് ഇത്തരം തട്ടിപ്പുരീതികളെ പ്രതിരോധിക്കാനുള്ള മികച്ച മാർഗം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല