സ്വന്തം ലേഖകൻ: ഡിജിറ്റൽ പണവിനിമയ സംവിധാനങ്ങളിലൂടെ പണമെത്തിയവരുടെ ബാങ്ക് അക്കൗണ്ടുകൾ വ്യാപകമായി മരവിപ്പിക്കുന്നു. ഏതാനും ആഴ്ചകൾക്കിടയിൽ കേരളത്തിൽ രണ്ടായിരത്തിലേറെപ്പേരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഓൺലൈനിലൂടെ പണംസ്വീകരിക്കുന്ന ചെറുകിടവ്യാപാരികൾ, വിദേശങ്ങളിൽനിന്ന് അനധികൃതമാർഗങ്ങളിൽ പണമയയ്ക്കുന്നവർ, ക്രിപ്റ്റോ കറൻസി ഇടപാടുകൾ നടത്തുന്നവർ എന്നിവരാണ് പ്രതിസന്ധി നേരിടുന്നത്.
സാമ്പത്തികത്തട്ടിപ്പുകൾ തടയാനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തുടങ്ങിയ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലെത്തുന്ന പരാതികളിലാണ് നടപടി. തട്ടിപ്പിനിരയാകുന്ന വ്യക്തി പോർട്ടലിൽ പരാതിസമർപ്പിച്ചാൽ തുടർനടപടികൾക്കായി അതത് സംസ്ഥാനത്തെ പോലീസിനെ അറിയിക്കുന്നു.
തട്ടിപ്പുകാർ തുക സുരക്ഷിതമാക്കാൻ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുകയോ ചെയ്യാറുണ്ട്. അതിന്റെ വിവരങ്ങൾ കണ്ടെത്തി പോലീസ് ആ അക്കൗണ്ടുകൾ മരവിപ്പിക്കും. യു.പി.ഐ. വഴി മാത്രമല്ല, നെഫ്റ്റ്, ആർ.ടി.ജി.എസ്., അക്കൗണ്ട് ട്രാൻസ്ഫർ, ചെക്ക് തുടങ്ങിയ മാർഗങ്ങളിലൂടെയുമുള്ള ഇടപാടുകൾ നടത്തിയ അക്കൗണ്ടുകളും മരവിപ്പിക്കപ്പെട്ടിട്ടുണ്ട്.
തിരിച്ചറിയൽ രേഖകൾ, തങ്ങളുടെ അക്കൗണ്ടിൽ പണംവന്നത് എന്ത് ആവശ്യത്തിനാണെന്ന് ബോധ്യപ്പെടുത്തുന്ന രേഖകൾ എന്നിവസഹിതം പരാതിക്കാരന്റെ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടണം. എന്നാൽ, ഇത് പലപ്പോഴും മറ്റു സംസ്ഥാനങ്ങളിലായതിനാൽ അക്കൗണ്ട് മരവിപ്പിക്കപ്പെട്ടവർ ദുരിതത്തിലാവും. ഇത് തങ്ങളുടെ പോലീസ് സ്റ്റേഷനിൽത്തന്നെ ബോധ്യപ്പെടുത്താനുള്ള സംവിധാനം വന്നാൽ, പ്രശ്നപരിഹാരം കുറേക്കൂടി എളുപ്പമാകും.
എന്നാൽ, തെറ്റായ മരവിപ്പിക്കലിനെതിരേ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ അതത് സംസ്ഥാനങ്ങളിലെ നോഡൽ ഓഫീസറെ സമീപിക്കാവുന്നതാണെന്ന് സൈബർ സുരക്ഷാ വിദഗ്ദർ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല