സ്വന്തം ലേഖകൻ: തിരഞ്ഞെടുപ്പിന് മുമ്പ് പണപ്പെരുപ്പം രണ്ടുശതമാനത്തില്‍ എത്തിയിട്ടും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാതെ വന്നത് റിഷി സുനാകിനു വലിയ തിരിച്ചടിയായിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി തുടര്‍ച്ചയായ ഏഴാം സിറ്റിങ്ങിലും പലിശനിരക്ക് അതേപടി നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.
രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പലിശ കുറയ്ക്കാന്‍ സാഹചര്യമുണ്ടായിട്ടും തല്‍കാലം അത് വേണ്ടന്നു വയ്ക്കാന്‍ കമ്മിറ്റി തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് ബാങ്കിന്റെ തീരുമാനത്തെ ബാധിച്ചിട്ടില്ലെന്ന് മിനിറ്റ്സില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇതു തന്നെയാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നിലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍
ഇപ്പോഴിതാ യുകെയുടെ സമ്പദ് വ്യവസ്ഥ മെയ് മാസത്തില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ വളര്‍ച്ചാ നിരക്ക് കൈവരിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നു. പണപ്പെരുപ്പം കുറഞ്ഞതും വളര്‍ച്ചാ നിരക്കിലെ മുന്നേറ്റവും കൂടി പരിഗണിക്കുമ്പോള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓഗസ്റ്റില്‍ ചേരുന്ന അടുത്ത മോണിറ്ററി പോളിസി കമ്മിറ്റിയില്‍ പലിശ കുറയ്ക്കാനുള്ള തീരുമാനം ഉണ്ടാകുമെന്നും വിലയിരുത്തലുണ്ട്.
പ്രതീക്ഷിച്ചതിലും ഇരട്ടിയാണ് മെയിലെ വളര്‍ച്ച നിരക്ക്. നിര്‍മ്മാണ മേഖലയില്‍ ഉണ്ടായ മുന്നേറ്റമാണ് മെയിലെ വളര്‍ച്ച നിരക്കില്‍ പ്രതിഫലിച്ചത്. ഭവന നിര്‍മ്മാണവും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ചതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റസ്റ്റിക്സ് പറഞ്ഞു. സാധാരണഗതിയില്‍ യുകെ സമ്പദ് വ്യവസ്ഥയില്‍ ആധിപത്യം പുലര്‍ത്തുന്ന സേവനമേഖല മെയ് മാസത്തില്‍ 0.3 % ആണ് വളര്‍ച്ച ആണ് കൈവരിച്ചത്. ഷോപ്പുകള്‍, ബാറുകള്‍, റെസ്റ്റോറന്റ് കള്‍ തുടങ്ങിയവയാണ് പ്രധാനമായും സേവനമേഖലയില്‍ ഉള്ളത്.
എന്നാല്‍ നിര്‍മ്മാണ രംഗത്തുള്ള വളര്‍ച്ചാ നിരക്ക് 1. 9 ശതമാനം ആയിരുന്നു. ഇനി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് അവലോകന യോഗം ഓഗസ്റ്റ് 1- നാണ് നടക്കുന്നത് . നിലവില്‍ 5.25 ശതമാനത്തിലാണ് പലിശ നിരക്ക് തുടരുന്നത്. പണപെരുപ്പും സംബന്ധിച്ച ഏറ്റവും പുതിയ റിപോര്‍ട്ടുകള്‍ അടുത്ത ആഴ്ച പുറത്ത് വരും. യുകെയിലെ സമ്പദ് വ്യവസ്ഥ മുന്നേറി കൊണ്ടിരിക്കുകയാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ റോബ് വുഡ് പറഞ്ഞു. ഇത് റിഷി സുനാകിന്റെ പ്രയത്‌നത്തിന്റെ ഫലമായിരുന്നു.
യുകെയില്‍ 11 ശതമാനത്തിനു മുകളിലായിരുന്ന പണപ്പെരുപ്പ നിരക്ക് മൂന്നുവര്‍ഷത്തിനിടെ ആദ്യമായാണ് രണ്ടു ശതമാനത്തില്‍ എത്തുന്നത്. കഴിഞ്ഞ മാസം 2.3 ശതമാനത്തിലായിരുന്ന പണപ്പെരുപ്പ നിരക്കാണ് ഓഫിസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കില്‍ ജൂണ്‍ അവസാനം രണ്ടുശതമാനത്തില്‍ എത്തിയത്. പലിശനിരക്ക് കുറയ്ക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിട്ടിരുന്ന നിലയിലേക്ക് പണപ്പെരുപ്പ നിരക്ക് എത്തിച്ചേര്‍ന്നതിന്റെ ആശ്വസത്തിലായിരുന്നു ബ്രിട്ടനിലെ വീട് ഉടമകളും വീടു വാങ്ങാന്‍ കാത്തിരിക്കുന്നവരും.
പണപ്പെരുപ്പ നിരക്ക് സ്ഥിരമായി രണ്ടശതമാനത്തിനടുത്ത് നിലനില്‍ക്കുന്ന സാഹചര്യമുണ്ടായാലേ പലിശനിരക്കില്‍ കുറവു വരുത്താനാകൂ എന്ന നിലപാടിലായിരുന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പണപ്പെരുപ്പത്തിലെ ഈ സ്ഥിരത ഉറപ്പുവരുത്തിയശേഷം വേനലിന്റെ മധ്യത്തിലോ അവസാനത്തിലോ പലിശനിരക്കില്‍ കുറവു വരുത്തുമെന്നായിരുന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചന നല്‍കിയിരുന്നത്.
2022 ഒക്ടോബറിലാണ് ബ്രിട്ടനിലെ പണപ്പെരുപ്പ നിരക്ക് 40 വര്‍ഷത്തെ റിക്കാര്‍ഡ് ഭേദിച്ച് 11.1 ശതമാനത്തില്‍ എത്തിയത്. യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലയിലുണ്ടായ കുതിച്ചുകയറ്റമാണ് പണപ്പെരുപ്പ നിരക്ക് എല്ലാ പരിധിയും ലംഘിച്ച് മുന്നേറാന്‍ കാരണമായത്. ഇതിനെ നേരിടാന്‍ ഘട്ടം ഘട്ടമായി പലിശനിരക്ക് ഉയര്‍ത്തിയ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 0.25 ശതമാനത്തിലായിരുന്ന ദേശീയ പലിശ നിരക്ക് 5.25 എന്ന നിരക്കില്‍ എത്തിച്ചു. ഇതോടെ മോര്‍ട് ഗേജിലും മറ്റു വായ്പകളിലും പലിശ കൂടുതല്‍ നല്‍കേണ്ട സ്ഥിതിയിലായി ജനങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല