സ്വന്തം ലേഖകൻ: പണപ്പെരുപ്പം രണ്ട് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിട്ടും അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് പലിശ നിരക്ക് 5.25 ശതമാനത്തില്‍ നിലനിര്‍ത്തുന്നത്. ഇപ്പോള്‍ പലിശ നിരക്ക് 16 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. പലിശ നിരക്ക് കുറയ്ക്കാനുള്ള സമയമായില്ലെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി പറയുന്നത്.
ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയില്‍ 8 പേരും പലിശ നിരക്കുകള്‍ മാറ്റരുതെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഒരാള്‍ മാത്രം പലിശ നിരക്കുകള്‍ കുറയ്ക്കണമെന്ന അഭിപ്രായം രേഖപ്പെടുത്തി . ഉപഭോക്ത വിലകള്‍ വര്‍ദ്ധിക്കുന്നതിന്റെ വേഗത കുറയുന്നതിനാണ് ബാങ്ക് പലിശ നിരക്കുകള്‍ ഉയര്‍ന്ന തലത്തില്‍ നിലനിര്‍ത്തണമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞദിവസം യുകെയിലെ പണപ്പെരുപ്പ നിരക്ക് 3.4 ശതമാനമായി കുറഞ്ഞത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. രണ്ടര വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിലെ പണപ്പെരുപ്പം. പണപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തില്‍ പലിശ നിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കുറയ്ക്കുമോ എന്നത് രാജ്യമൊട്ടാകെ എല്ലാവരും ഉറ്റു നോക്കുകയായിരുന്നു. പണപ്പെരുപ്പം കുറയുന്നതിന്റെ കൂടുതല്‍ പ്രോത്സാഹജനകമായ സൂചനകള്‍ കണ്ടതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി പറഞ്ഞു. കാര്യങ്ങള്‍ ശരിയായ ദിശയിലാണ് പോകുന്നതെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ പറഞ്ഞു.
വേനല്‍ക്കാലത്ത് പണപ്പെരുപ്പം 2% താഴെ എത്തുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. എന്നാല്‍ മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷവും ചെങ്കടലിലെ സംഘര്‍ഷം മൂലം ചരക്കു ഗതാഗതത്തില്‍ ഉണ്ടാകുന്ന തടസ്സവും പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിച്ചേക്കാം എന്ന വസ്തുത നിലവിലുണ്ട്.
പണപ്പെരുപ്പം ജനുവരിയിലെ 4 ശതമാനത്തില്‍ നിന്നും ഫെബ്രുവരിയില്‍ 3.4 ശതമാനമായാണ് കുറഞ്ഞത്. ഒക്ടോബറിന് മുന്‍പ് മിനി ബജറ്റ് നടത്താന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ കരുതുന്നത്. പണപ്പെരുപ്പം ലക്ഷ്യമിട്ട തോതിലേക്ക് താഴുന്നതിന് അരികിലെത്തുമ്പോള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശ നിരക്ക് കുറയ്ക്കാനുള്ള വാതില്‍ തുറക്കാം, ഇത് മോര്‍ട്ട്‌ഗേജ് നിരക്ക് കുറയ്ക്കാന്‍ സഹായിക്കും, ഇത് വലിയ മാറ്റത്തിനാണ് വഴിയൊരുക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല