സ്വന്തം ലേഖകൻ: പലിശ നിരക്കുകള്‍ വീണ്ടും 0.25 ശതമാനം പോയിന്റ് വര്‍ദ്ധിപ്പിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചേക്കുമെന്ന റിപ്പോര്‍ട്ടിനിടെ യുകെയിലെ ഭവനവിലകള്‍ 14 വര്‍ഷത്തിനിടെ ആദ്യമായി കുത്തനെ ഇടിഞ്ഞു. കടമെടുപ്പ് ചെലവുകള്‍ നാളെ വീണ്ടും ഉയരുമെന്ന ആശങ്കകള്‍ക്കിടെയാണ് രാജ്യത്തെ ഭവനവില ക്രമാതീതമായി താഴുന്നത്. പ്രോപ്പര്‍ട്ടി പ്രൈസില്‍ കഴിഞ്ഞ വര്‍ഷം 3.8 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി വ്യക്തമാക്കുന്നു. 2009 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.
കഴിഞ്ഞ 12 മാസത്തിനിടെ ശരാശരി വീടിന്റെ മൂല്യത്തില്‍ നിന്നും ഏകദേശം 10,400 പൗണ്ടിന്റെ മൂല്യമാണ് ചോര്‍ന്നത്. നിലവില്‍ ശരാശരി വിലകള്‍ 260,828 പൗണ്ടിലാണുള്ളത്. ഉയരുന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ പ്രോപ്പര്‍ട്ടി വിപണിയെ ശ്വാസംമുട്ടിച്ച് കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് ഭവനഉടമകളെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴ്ത്തുകയാണ് ഈ നിരക്ക് വര്‍ദ്ധനവുകള്‍.
വ്യാഴാഴ്ച മോണിറ്ററി പോളിസി യോഗത്തില്‍ പലിശ നിരക്കുകള്‍ വീണ്ടും 0.25 ശതമാനം പോയിന്റ് വര്‍ദ്ധിപ്പിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചേക്കുമെന്നാണ് പ്രതീക്ഷ. ഇത് പ്രാവര്‍ത്തികമായാല്‍ മോര്‍ട്ട്‌ഗേജ് ചെലവുകള്‍ വീണ്ടും ഉയരുകയും, സമ്മര്‍ദം കനക്കുകയും ചെയ്യും.
അതേസമയം, പണപ്പെരുപ്പം താഴേക്ക് കൊണ്ടുവരാന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യത്തെ നയിക്കേണ്ടി വരുമെന്നാണ് മുന്‍ സീനിയര്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉദ്യോഗസ്ഥന്‍ അലക്‌സ് ബ്രാസിയര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പലിശ നിരക്കുകള്‍ 6 ശതമാനത്തില്‍ പീക്കിലെത്തുമെന്ന് അദ്ദേഹം പ്രവചിച്ചു. കഴിഞ്ഞ മാസം പണപ്പെരുപ്പം 7.9 ശതമാനത്തിലേക്ക് താഴ്‌ന്നെങ്കിലും ഇപ്പോഴും ഇത് ശക്തമായ നിലയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല