
സ്വന്തം ലേഖകൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ട് രാജ്യത്തെ അടിസ്ഥാന പലിശ നിരക്ക് വീണ്ടും ഉയർത്തി. നിലവിൽ 4.50 ശതമാനമായിരുന്ന നിരക്ക് ഇതോടെ അഞ്ചു ശതമാനമായി. ഇന്നു രാവിലെ ചേർന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഒൻപതംഗ ഫിനാൻസ് അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് രാജ്യത്തെ ജനങ്ങൾക്കാകെ പ്രത്യക്ഷത്തിൽ പ്രഹരമാകുന്ന തീരുമാനമെടുത്തത്. രണ്ടു വർഷത്തിനിടയിലെ തുടർച്ചയായ പതിമൂന്നാമത്തെ വർധനയാണിത്. 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പലിശ നിരക്കാണ് നിലവിലുണ്ടായിരുന്നത്. ഇതാണ് ഇന്ന് വീണ്ടും ഉയർത്തിയത്. രാജ്യത്തെ പണപ്പെരുപ്പനിരക്ക് നിയന്ത്രണാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിർബന്ധിതരായത്.
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഈ തീരുമാനം മോർഗേജുള്ള എല്ലാവരെയും വീടു വാങ്ങാൻ കാത്തിരിക്കുന്നവരെയും വലയ്ക്കും. അഞ്ചു ശതമാനത്തിൽ താഴെ ഫിക്സഡ് മോർഗേജുകൾ അസാധ്യമായ സാഹചര്യമാണ് നിലവിലുള്ളത്. ഇത് ഇനിയും ഉയരാൻ ഇന്നത്തെ തീരുമാനം കാരണമാകും. രണ്ടുവർഷത്തെ ഫിക്സഡ് മോർഗേജ് നിരക്ക് ആറു ശതമാനത്തിനും മുകളിലായി എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വാർത്ത. ഇത് ഇനിയും ഉയരാൻ ഇന്നത്തെ അരശതമാനത്തിന്റെ വർധന വഴിവയ്ക്കും.
ഫിക്സഡ് മോർഗേജുകൾ താങ്ങാനാകാതെ വന്നതോടെ പലരും ഇന്ററസ്റ്റ് ഓൺലി മോർഗേജിലേക്ക് മാറുകയാണ്. ട്രാക്കർ മോർഗേജുകളിലേക്കും മാറി പ്രതീക്ഷയോടെ കാത്തിരുന്നവർക്ക് ഇന്നത്തെ തീരുമാനം ഇരട്ടപ്രഹരമാകും. ട്രാക്കർ മോർഗേജിന് ഓരോ 0.25 ശതമാനം വർധനയ്ക്കും ആനുപാതികമായി ശരാശരി 50-75 പൗണ്ടിന്റെ വർധനയാണ് തിരിച്ചടവിൽ ഉണ്ടാകുന്നത്.
2008 ൽ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കത്തിലാണ് സമാനമായ രീതിയിൽ രാജ്യത്ത് പലിശനിരക്ക് അഞ്ചു ശതമാനത്തിലെത്തിയത്. ഇപ്പോൾ രാജ്യം വീണ്ടും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുുന്ന ഘട്ടത്തിലാണ് തിരുത്തൽ നടപടികളുടെ ഭാഗമായുള്ള ഈ പലിശ വർധന. മോർഗേജുകളെയും ക്രെഡിറ്റ് കാർഡ് പേമെന്റുകളെയും ബാങ്ക് ലോണുകളെയുമെല്ലാം ഈ വർധന നേരിട്ടു ബാധിക്കും.
ബേസ് റേറ്റ് രണ്ടു ശതമാനത്തിന് മുകളിലേക്ക് ഉയർന്നപ്പോൾത്തന്നെ വീടു വിപണിയിൽ ഇടിവ് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. മൂന്നു മാസംകൊണ്ട് എട്ടു മുതൽ പത്തു ശതമാനം വരെ വിലക്കുറവാണ് പ്രോപ്പർട്ടി മാർക്കറ്റിൽ ഉണ്ടായത്. പലിശനിരക്കിലെ ഓരോ വൻ വർധനയും വീടുവിപണിയെ ഇനിയും തളർത്തും. നിലവിൽ വീടുള്ളവരുടെ തിരിച്ചടവിനെയും ഈ വർധന കാര്യമായി ബാധിക്കും. നിത്യച്ചെലവുകൾക്കുപോലും കഷ്ടപ്പെടുന്ന സാധാരണക്കാർ മോർഗേജിലുണ്ടാകുന്ന വൻ വർധനയിൽ വട്ടംകറങ്ങുമെന്ന് ഉറപ്പാണ്. 40 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വലിയ വിലക്കയറ്റത്തിന്റെ നടുവിലാണ് ബ്രിട്ടൻ.
കോവിഡ് പ്രതിസന്ധിക്കു ശേഷം ഇത് പതിമൂന്നാം തവണയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്കിൽ വർധന പ്രഖ്യാപിക്കുന്നത്. കോവിഡ് കാലത്ത് 0.01 എന്ന നാമമാത്ര നിലയിലായിരുന്നു ബേസ് റേറ്റ്. ഇതാണ് ഇപ്പോൾ അഞ്ചു ശതമാനത്തിൽ എത്തി നിൽക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല