1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2024

സ്വന്തം ലേഖകൻ: യുഎഇയില്‍ മഴക്കെടുതി സംഭവിച്ചവരുടെ വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവയുടെ തിരിച്ചടവില്‍ ബാങ്കുകള്‍ ഇളവ് നൽകി തുടങ്ങി. ഏപ്രില്‍ 16ന് മഴയെ തുടർന്നുണ്ടായ വെളളപ്പൊക്കത്തില്‍ വാഹനങ്ങള്‍ക്കുള്‍പ്പടെ വ്യാപകമായ നാശം സംഭവിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ വായ്പ തിരിച്ചടവില്‍ ബാങ്ക് ഇളവ് നല്‍കും. മോർട്ട്ഗേജ് (പണയവായ്പ) തിരിച്ചടവുളളവർക്ക് ഇത് ബാധകമല്ല.

വായ്പ തിരിച്ചടവിന് ആറുമാസം വരെ സമയം നീട്ടി നല്‍കണമെന്ന് നേരത്തെ സെന്‍ട്രല്‍ ബാങ്ക് നിർദ്ദേശം നല്‍കിയിരുന്നു. ഇതിന് പ്രത്യേക ഫീസോ, അധിക പലിശയോ, തുകയിൽ വർധനയോ വരുത്താൻ പാടില്ലെന്നും നിർദേശിച്ചിരുന്നു. ഇന്‍ഷുറന്‍സില്‍ നിന്നും ഇതിനകം തന്നെ നിരവധി അപേക്ഷകള്‍ ലഭിച്ചുകഴിഞ്ഞു. എന്നാല്‍ തന്നെയും പകുതിയോളം പേരുടെയും അപേക്ഷകള്‍ സമർപ്പിക്കാന്‍ ഇന്‍ഷുറന്‍സ് ദാതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ബാങ്കുകളും വിലയിരുത്തുന്നത്.

ഇന്‍ഷുറന്‍സില്‍ നിന്നും നിരസിക്കപ്പെട്ട അപേക്ഷകള്‍ യുഎഇ സെന്‍ട്രല്‍ ബാങ്കിന് കീഴിലുളള സനദക് പ്ലാറ്റ് ഫോം വഴി പുന: പരിശോധനയ്ക്ക് സമർപ്പിക്കാം. യുഎഇ കേന്ദ്രബാങ്കാണ് ഇത്തരത്തിലൊരു സംവിധാനം നടപ്പില്‍ വരുത്തിയത്. ഇന്‍ഷുറന്‍സില്‍ നിന്നുണ്ടായ തീരുമാനം നീതിപൂർവമല്ലെന്ന് പരാതിയുണ്ടെങ്കില്‍ സനദക് പ്ലാറ്റ് ഫോം വഴി തെളിവുകള്‍ സഹിതം അപേക്ഷ നല്‍കാം. രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയിലുള്ള വിശ്വാസം സംരക്ഷിക്കുകയെന്നുളളത് ലക്ഷ്യമിട്ട് രൂപീകരിച്ച സുതാര്യവും ഫലപ്രദവുമായ ഉപഭോക്തൃ പരാതി പരിഹാരകേന്ദ്രമാണ് സനദക്.

സനദക്കിനെ സമീപിക്കുന്നതിന് മുമ്പ് ആദ്യം ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനിയില്‍ പരാതി നല്‍കിയിരിക്കണം. പരാതി നല്‍കി 30 ദിവസം കാത്തിരുന്നതിന് ശേഷവും നടപടി ഉണ്ടായില്ല എന്നുണ്ടെങ്കില്‍ സനദക്കിനെ സമീപിക്കാം. നിലവില്‍ കോടതി പരിഗണനയുളള കേസില്‍ സനദക്കില്‍ പരാതി നല്‍കരുത്. യുഎഇ കേന്ദ്രബാങ്ക് നിയന്ത്രണത്തിന് പുറത്തുളള വിഷയമാകരുത്.

ഇന്‍ഷുറന്‍സ് കമ്പനിക്കും വ്യക്തിക്കും തമ്മില്‍ സമയവായ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ പരാതിയുമായി മുന്നോട്ടുപോകരുത്. sanadak.gov.ae എന്ന വെബ്സൈറ്റിലോ സനദക് ആപ്പിലോ യുഎഇ പാസ് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പരാതികള്‍ സമർപ്പിക്കാം. ആവശ്യമായ വിവരങ്ങളും നൽകണം. പരാതിയുടെ വിവരങ്ങള്‍ 800 SANADAK (800 72 623 25) എന്ന നമ്പറിലൂടെ ട്രാക്ക് ചെയ്യാനും സാധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.