സ്വന്തം ലേഖകൻ: യുകെയില്‍ പുതിയതായി വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, റീമോര്‍ട്ട്‌ഗേജിന് ഉദ്ദേശിക്കുന്നവര്‍ക്കും സഹായകമായി എച്ച് എസ് ബി സിയും ബാര്‍ക്ലേസും ഫിക്സ്ഡ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയ്ക്കുന്നു. ഇന്നലെ മുതലാണ് ബാര്‍ക്ലേസ് നിരക്കുകള്‍ കുറച്ചത്. ചില ഡീലുകളില്‍ 0.25 ശതമാനത്തിന്റെ വരെ കുറവ് വരുത്തിയിട്ടുണ്ട്. ഇതിന് തൊട്ടു പിന്നാലെയാണ് ബുധനാഴ്ച മുതല്‍ തങ്ങളുടെ ഗാര്‍ഹിക വായ്പകളില്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രഖ്യാപനവുമായി എച്ച് എസ് ബി സി രംഗത്തെത്തിയത്.
രണ്ട് മാസത്തോളമായി ഹോം ലോണ്‍ പലിശ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുകയാണെങ്കിലും, ചില ഡീലുകളില്‍ പലിശ നിരക്ക് ഉയര്‍ന്നിരുന്നു. എന്നിരുന്നാലും, പുതിയ ഫിക്സ്ഡ് ഡീലുകളുടെ പലിശ നിരക്കില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന മണിമാര്‍ക്കറ്റ് സ്വാപ് നിരക്കുകള്‍ അടുത്ത കാലത്ത് മെച്ചപ്പെട്ടതാണ് മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് കുറയ്ക്കാന്‍ ഈ രംഗത്തെ രണ്ട് പ്രമുഖരെ പ്രേരിപ്പിച്ചത്. മറ്റ് വായ്പ ദാതാക്കളും ഈ മാര്‍ഗ്ഗം പിന്തുടരുമെന്ന് കരുതുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ ദൃശ്യമായിട്ടുണ്ട്. സെപ്റ്റംബറിലെ ലിസ് ട്രസ്സിന്റെ മിനി ബജറ്റ് തീര്‍ത്ത പ്രതിസന്ധിയെ തുടര്‍ന്ന് ചില ഫിക്സ്ഡ് മോര്‍ട്ട്‌ഗേജുകളുടെ നിരക്കുകള്‍ 6 ശതമാനം വരെ ആയി ഉയര്‍ന്നിരുന്നു. പിന്നീട് ഈ വര്‍ഷം ആരംഭത്തോടെയാണ് അത് കുറയാന്‍ തുടങ്ങിയത്. ആദ്യം നിരക്കുകളില്‍ വന്‍ കുറവ് അനുഭവപ്പെട്ടെങ്കിലും പിന്നീറ്റ് നിരക്ക്കുറയല്‍ മന്ദഗതിയിലായി.
10 ശതമാനമോ അതിലധികമോ ഡെപ്പോസിറ്റോ, ഓഹരിയോ ഉള്ളവര്‍ക്കുള്ള രണ്ട് വര്‍ഷത്തെ ഫിക്സ്ഡ് നിരക്ക് പ്രതിവര്‍ഷം 5.76 ശതമാനം ആയിരുന്നത് ഇന്നലെ മുതല്‍ ബാര്‍ക്ലേ 5.48 ശതമാനമാക്കി കുറച്ചു. 5.31 ശതമാനം നിരക്കുണ്ടായിരുന്ന മറ്റൊരു രണ്ടു വര്‍ഷത്തെ ഫിക്സ്ഡ് ഡീലിന്റെ നിരക്ക് 4.88 ശതമാനമാവുകയും ചെയ്തു. എച്ച് എസ് ബി സിയും വിവിധ ഡീലുകളില്‍ നിരക്ക് കുറയ്ക്കുകയാണ്. എന്നാല്‍, പുതിയ നിരക്കുകള്‍ എത്രയെന്നതില്‍ വ്യക്തതയില്ല. മറ്റൊരു വായ്പ ദാതാവായ എം പവേഡ് മോര്‍ട്ട്‌ഗേജസ് ഈ ആഴ്ച അവരുടെ പല ഡീലുകളിലും 0.15 ശതമാനം വരെ ഇളവു വരുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല