സ്വന്തം ലേഖകൻ: കടമെടുക്കുന്നവര്‍ക്ക് ആശ്വാസമായി യുകെയിലെ മൂന്ന് പ്രധാന ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ചു. എച്ച്എസ്ബിസി, ബാര്‍ക്ലേസ്, ടിഎസ്ബി എന്നിവരാണ് തങ്ങളുടെ ഹോം ലോണ്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതായി വെളിപ്പെടുത്തിയത്. പണപ്പെരുപ്പം കുറയുന്നതിന്റെ ആനുകൂല്യത്തിലാണ് കുടുംബങ്ങള്‍ക്ക് അവശ്യം വേണ്ട ആശ്വാസം ലഭ്യമാകുന്നത്.
ഇതോടെ കൂടുതല്‍ ബാങ്കുകള്‍ ഈ രീതി അവലംബിക്കുമെന്നാണ് മോര്‍ട്ട്‌ഗേജ് വിദഗ്ധര്‍ പ്രവചിക്കുന്നത്. അടുത്ത മാസത്തോടെ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചന നല്‍കിയതിന് പിന്നാലെയാണ് ലെന്‍ഡര്‍മാര്‍ ഈ നിലപാട് സ്വീകരിക്കുന്നത്. എച്ച്എസ്ബിസി തങ്ങളുടെ നൂറിലേറെ ഫിക്‌സഡ് ഡീലുകളിലാണ് മോര്‍ട്ട്‌ഗേജ് നിരക്ക് മാറ്റം വരുത്തുന്നത്. രണ്ട്, അഞ്ച്, പത്ത് വര്‍ഷ കാലയളവിലെ ഭവനഉടമകള്‍ക്കും, ലാന്‍ഡ്‌ലോര്‍ഡ്‌സിനുമുള്ള ഡീലുകളില്‍ ഈ മാറ്റം പ്രകടമാകും.
അതേസമയം, ബാര്‍ക്ലേസ് തങ്ങളുടെ ഏതാനും ഡീലുകളില്‍ 0.45 ശതമാനം പോയിന്റ് വരെ കുറവാണ് വരുത്തുന്നത്. അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് ഡീലില്‍, 40 ശതമാനം ഡെപ്പോസിറ്റുമായി റീമോര്‍ട്ട്‌ഗേജ് ചെയ്യുന്നവര്‍ക്ക് 4.77 ശതമാനത്തിന് പകരം നിരക്കുകള്‍ 4.32 ശതമാനത്തിലേക്ക് താഴും. ടിഎസ്ബി രണ്ട്, അഞ്ച് വര്‍ഷ ഡീലുകളില്‍ 0.1 ശതമാനം പോയിന്റ് കുറവാണ് വരുത്തുന്നത്.
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ബേസ് റേറ്റ് ഏത് വഴിയിലേക്ക് നീങ്ങുമെന്ന സൂചനകള്‍ മുന്‍നിര്‍ത്തിയാണ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ നിശ്ചയിക്കപ്പെടുന്നത്. ഇത് നിലവില്‍ 5.25 ശതമാനത്തിലാണ്.
ഫിക്സ്ഡ് മോര്‍ട്ട്‌ഗേജില്‍, നിശ്ചിത കാലാവധി (രണ്ട് അല്ലെങ്കില്‍ അഞ്ച് വര്‍ഷം) തീരുന്നത് വരെ പലിശ നിരക്കില്‍ മാറ്റമുണ്ടാകില്ല. കാലാവധി തീര്‍ന്ന് കഴിഞ്ഞാല്‍, മറ്റൊരു ഡീല്‍ തിരഞ്ഞെടുക്കാം. ഇത്തരത്തില്‍, വളരെ കുറഞ്ഞ പലിശനിരക്കില്‍ ഫിക്സ്ഡ് മോര്‍ട്ട്‌ഗേജ് എടുത്ത 16 ലക്ഷം പേരുടെ ഫിക്സ്ഡ് കാലാവധി ഈ വര്‍ഷം തീരുകയാണ്. പുതിയ ഡീലുകളിലേക്ക് മാറുമ്പോള്‍ പലര്‍ക്കും മാസത്തവണകള്‍ താങ്ങാനാകാതെ വരും എന്ന ആശങ്കയും ഉയരുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല