സ്വന്തം ലേഖകന്‍: കശ്മീര്‍ കലാപത്തിനു തൊട്ടുപുറകെ പാകിസ്താനില്‍ പട്ടാള ഭരണം വേണമെന്ന് ആവശ്യമുയരുന്നു. 13 പാക് നഗരങ്ങളില്‍ രാജ്യത്ത് പട്ടാളം ഭരണം പിടിക്കണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘മൂവ് ഓണ്‍ പാകിസ്താന്‍’ എന്ന സംഘടനയുടെ പേരിലാണ് പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചിരിക്കുന്നത്.
സൈനിക നിയമം ഏര്‍പ്പെടുത്തണമെന്നും സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി പുതിയ ഭരണകൂടത്തെ നിയമിക്കണമെന്നുമാണ് പോസ്റ്ററുകളിലെ ആവശ്യം. ഈ ഭരണത്തിന്റെ മേല്‍നോട്ടം റഹീല്‍ ഷെരീഫിനായിരിക്കണം. അതേസമയം, സൈന്യം ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. ലാഹോര്‍, കറാച്ചി, പെഷാവര്‍, ക്വറ്റ, റാവല്‍പിണ്ടി, ഫൈസലാബാദ്, സര്‍ഘോധ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കപ്പെട്ടത്. അതേസമയം ലാഹോറിലും ഫൈസലാബാദിലും സ്ഥാപിച്ച ബാനറുകള്‍ ആരോ എടുത്തു മാറ്റിയെന്ന് സംഘടന നേതാവ് അലി ഹാഷ്മി ആരോപിച്ചു.
ശസ്ത്രക്രിയയെ തുടര്‍ന്ന് 40 ദിവസത്തോളമായി പ്രധാനമന്ത്രി നവാസ് ഷെരീഫ് സ്ഥലത്തില്ലാത്തത് ഭരണത്തെ ബാധിച്ചിട്ടില്ല. ഒരു രാഷ്ട്രീയ ഭരണകൂടം രാജ്യത്തുണ്ടാവേണ്ടതില്ല എന്നാണ് ഇതു തെളിയിക്കുന്നത്. സൈനികനിയമം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഫൈസലാബാദില്‍നിന്നു ലാഹോറിലേക്കും കറാച്ചിയില്‍ നിന്നു സുക്കൂറിലേക്കും റാലികള്‍ നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഹാഷിം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല