
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളും ലോഗോകളും മതപരവും വിഭാഗീയവുമായ ചിഹ്നങ്ങളും വാണിജ്യപരമായി ഉപയോഗിക്കുന്നതിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ. വാണിജ്യ മന്ത്രി ഡോ. മജീദ് അല്‍ ഖസബിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയ ചിഹ്നങ്ങളുടെയും മത ചിഹ്നങ്ങളുടെയും പവിത്രത സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
വാണിജ്യ ഉല്‍പ്പന്നങ്ങള്‍, പ്രൊമോഷണല്‍ മെറ്റീരിയലുകള്‍, മറ്റ് വാണിജ്യ ഇടപാടുകള്‍ എന്നിവയില്‍ ദേശീയമോ മതപരമോ വിഭാഗീയമോ ആയ ചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ നിന്ന് ബിസിനസ് സ്ഥാപനങ്ങളെ വിലക്കുന്നതാണ് പുതിയ ഉത്തരവ്.
നിയമം ലംഘിക്കുന്നവര്‍ക്ക് സൗദി അറേബ്യയുടെ മുനിസിപ്പല്‍ ശിക്ഷാനടപടികള്‍ പ്രകാരം പിഴകള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു. തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 90 ദിവസത്തിന് ശേഷം നടപ്പാക്കി തുടങ്ങും. അതുവരെയുള്ള ഗ്രേസ് പിരീഡില്‍ നിലവില്‍ ഇത്തരം ചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ക്രമക്കേടുകള്‍ തിരുത്താനും പുതിയ ചിഹ്നങ്ങളും ലോഗോകളും സ്വീകരിക്കാനും മതിയായ സമയം ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ഈ സമയത്തിനുള്ളില്‍ പുതിയ നിയമങ്ങളുമായി പൊരുത്തപ്പെടാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി വരും. സൗദി അറേബ്യയുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ക്കും ലോഗോകള്‍ക്കും പുറമെ, മറ്റു രാജ്യങ്ങളുടെ ചിഹ്നങ്ങളും ഉപയോഗിക്കുന്നതില്‍ നിന്ന് വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഈ ഉത്തരവ് പ്രകാരം വിലക്കുണ്ടാവും.
സൗദി അറേബ്യയുടെ ദേശീയ പതാകയുടെ ഇസ്ലാമിക വിശ്വാസ പ്രഖ്യാപനവും വാളുകളുടെയും ഈന്തപ്പനയുടെയും ചിഹ്നവും വാണിജ്യപരമായ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്നത് വിലക്കുന്ന നിലവിലുള്ള നടപടികളുടെ അടിസ്ഥാനത്തിലാണ് നിരോധനം എന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ മേഖലയുമായി ബന്ധപ്പെട്ട അച്ചടിച്ച സാമഗ്രികള്‍, ചരക്കുകള്‍, പ്രത്യേക സമ്മാനങ്ങള്‍, പ്രമോഷണല്‍ ഇനങ്ങള്‍ എന്നിവയില്‍ സൗദി നേതാക്കളുടെ ചിത്രങ്ങളും പേരുകളും ഉപയോഗിക്കുന്നതിനും നിയമപ്രകാരം വിലക്ക് ഏര്‍പ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.
ഈ ചിഹ്നങ്ങളുടെ സാംസ്കാരികവും മതപരവുമായ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ദുരുപയോഗത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടിയുടെ ഭാഗമായാണ് തീരുമാനമെന്നും വാണിജ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തിൻരെ വിവിധ ഭാഗങ്ങളിൽ പരിശോധന ശക്തമാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി. സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ചിഹ്നങ്ങൾ വേറെയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല