ബാർ കോഴ വിവാദം ചൂടുപിടിക്കുന്നതിനിടെ മാണിക്കെതിരെ പ്രസ്താവനകളുമായി വിവിധ നേതാക്കൾ രംഗത്തെത്തി. ബാർ ഉടമകളുടെ അസോസിയേഷൻ നേതാവ് ബിജു രമേശ് കേസിലെ നിർണായക തെളിവായ ശബ്ദരേഖകൾ അന്വേഷണ സംഘത്തിന് കൈമാറിയതിന് പുറകെയാണിത്.
മാണിയെ അറസ്റ്റ് ചെയ്ത് തെളിവെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. മാണി സംസ്ഥാന ബഡ്ജറ്റ് വിറ്റ് കാശുണ്ടാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബിജു രമേശ് നൽകിയ തെളിവുകൾ വിജിലൻസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
ബാർ കോഴ വിവാദം കേരള കോൺഗ്രസിലും ശക്തമായ ഭിന്നതക്ക് വഴിതുറക്കുകയാണ്. ആർ ബാലകൃഷ്ണപ്പിള്ള പാർട്ടി പിളർത്താൻ ശ്രമിക്കുകയാണെന്നും അതിന് ജോർജ്ജ് കൂട്ടുനിൽക്കുന്നു എന്നുമാണ് ചില നേതാക്കൾ ആരോപിക്കുന്നത്. എന്നാൽ പ്രശ്നത്തിൽ കേരള കോൺഗ്രസ് ഒറ്റക്കെട്ടായി മാണിക്കൊപ്പം നിൽക്കുമെന്ന് ഗവ. ചീഫ് വിപ്പ് പിസി ജോർജ്ജ് പറഞ്ഞു. മാണി രാജിവക്കണമെന്ന് മുറവിളി കൂട്ടുന്നവർ തെളിവുകൾ കൊണ്ടുവരാൻ ജോർജ്ജ് വെല്ലുവിളിച്ചു.
എന്നാൽ മാണിക്ക് പണം നൽകിയില്ലെന്ന് ചില ബാറുടമകൾ വിജിലൻസിന് നൽകിയ മൊഴിയിൽ പറഞ്ഞു. അതിനിടെ ബാർ കോഴക്കേസ് അന്വേഷിക്കുന്ന അഡിജിപി ജേക്കബ് തോമസിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയത് കേസ് അട്ടിമറിക്കാനാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല