അഫ്ഗാനിസ്ഥാനില്‍ ആറു മണിക്കൂര്‍ ദീര്‍ഘിച്ച മിന്നല്‍സന്ദര്‍ശനത്തിനു ശേഷം യുഎസ് പ്രസിഡന്റ് ഒബാമ വാഷിംഗ്ടണിനു തിരിച്ച് വൈകാതെ കാബൂളില്‍ താലിബാന്‍ പോരാളികള്‍ നടത്തിയ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഒബാമയുടെ സന്ദര്‍ശനത്തിനുള്ള പ്രതികരണമാണിതെന്നു വ്യക്തമാക്കിയ താലിബാന്‍ വക്താവ് ഇന്നു മുതല്‍ കൂടുതല്‍ ആക്രമണങ്ങള്‍ പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പു നല്‍കി. ഉസാമ ബിന്‍ലാദന്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം തികയുന്ന സന്ദര്‍ഭത്തില്‍ കാബൂളില്‍ ഒബാമ നടത്തിയ സന്ദര്‍ശനം യുഎസ് പ്രസി ഡന്റ് ഇലക്ഷനില്‍ നേട്ടമുണ്ടാക്കാ നാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയാണ് മുന്‍കൂട്ടി അറിയിക്കാതെ എയര്‍ഫോഴ്സ് ഒന്നില്‍ ഒബാമ അഫ്ഗാനിസ്ഥാനിലെത്തിയത്. രാത്രി തന്നെ പ്രസിഡന്റ് കര്‍സായിയെ സന്ദര്‍ശിച്ച് സുരക്ഷാകരാറില്‍ ഒപ്പുവയ്ക്കുകയും പിന്നീട് ബാഗ്രാം വ്യോമത്താവളത്തില്‍ സൈനികരെ അഭിസംബോധന ചെയ്യുകയും ചെയ്തു. യുഎസ് ടിവിയില്‍ സംപ്രേഷണം ചെയ്ത പ്രസംഗത്തില്‍ അല്‍ക്വയ്ദയെ നേരിടുന്നതില്‍ കൈവരിച്ച വിജയത്തെക്കുറിച്ചു പ്രതിപാദിച്ച ഒബാമ 2014നു ശേഷം അഫ്ഗാനിസ്ഥാന്റെ സുരക്ഷ അഫ്ഗാന്‍ സൈനികരുടെ കൈകളിലായിരിക്കുമെന്നു വ്യക്തമാക്കി. എന്നാല്‍ ഒരു ദശകം കൂടി അഫ്ഗാനിസ്ഥാന് ആവശ്യമായ സഹായം നല്‍കും. ഈവര്‍ഷം 23000 യുഎസ് സൈനികര്‍ അഫ്ഗാന്‍വിടും. 2014ല്‍ പിന്മാറ്റം പൂര്‍ത്തിയാവും.
അഫ്ഗാന്‍ ഭരണത്തില്‍ അമിത സ്വാധീനം ചെലുത്താനുള്ള പാക്കിസ്ഥാന്റെ നീക്കങ്ങള്‍ക്ക് എതിരേ പരോക്ഷമായി താക്കീതു നല്‍കാനും അദ്ദേഹം മറന്നില്ല. അല്‍ക്വയ്ദയുടെ ശക്തി ക്ഷയിച്ചെന്നും അഫ്ഗാന്‍ യുദ്ധത്തിന്റെ പരിസമാപ്തി ആസന്നമാണെന്നും പ്രഖ്യാപിച്ച് ഒബാമ കാബൂള്‍ വിട്ടു മണിക്കൂറുകള്‍ക്കകമാണു ഭീകരാക്രമണം ഉണ്ടായത്. കിഴക്കന്‍ കാബൂളില്‍ നടത്തിയ ചാവേര്‍ ആക്രമണത്തിലും കാര്‍ബോംബ് സ്ഫോടനത്തിലും ഒരു ഗൂര്‍ഖാ സൈനികനും ആറു സാധാരണക്കാര്‍ക്കുമാണു ജീവഹാനി നേരിട്ടത്. 17 പേര്‍ക്കു പരിക്കേറ്റു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല