സ്വന്തം ലേഖകന്‍: മെസ്സി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഒരു മത്സരം ബാക്കി നില്‍ക്കെ സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ ബാര്‍സിലോണ രാജാക്കന്മാര്‍. നിര്‍ണായക മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് നിലവിലെ ചാംപ്യന്‍മാരായ അത്‌ലറ്റികോ മാഡ്രിഡിനെ തോല്‍പ്പിച്ചാണ് ബാര്‍സിലോണ കിരീടം സ്വന്തമാക്കിയത്.
കഴിഞ്ഞവര്‍ഷം ബാര്‍സയെ സമനിലയില്‍ തളച്ചായിരുന്നു അത്‌ലറ്റികോ ലീഗ് കിരീടം ഉറപ്പിച്ചത്. അതേ ന്യൂകാംപ് മൈതാനത്ത് അത്‌ലറ്റികോയെ തറപറ്റിച്ച് കിരീടമുറപ്പിച്ചത് ബാര്‍സക്ക് മധുര പ്രതികാരവുമായി.
പതിവു ജഴ്‌സി മാറ്റി ഇളംപച്ചനിറത്തിലുള്ള ജഴ്‌സിയിലാണ് മെസ്സിയും കൂട്ടരും കളത്തിലിറങ്ങിയത്. പരിക്കിലായ ലൂയിസ് സ്വാരസിന്റെ അഭാവം ബാര്‍സയുടെ മുന്നേറ്റങ്ങളില്‍ നിഴലിച്ച ആദ്യ പകുതിയില്‍ ഇരുകൂട്ടര്‍ക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. പക്ഷേ രണ്ടാംപകുതിയില്‍ 65 മത് മിനിട്ടില്‍ മെസ്സിയുടെ ഇടംകാല്‍ ഗോളോടെ കളിമാറി.
തൊട്ടു പിറകെ മെസ്സിയുടെ മനോഹരമായ പാസില്‍ ലീഡ് ഉയര്‍ത്താനുള്ള നെയ്മറുടെ ശ്രമം വിഫലമായെങ്കിലും എതിരില്ലാത്ത ഒരു ഗോളിന് 93 പോയിന്റുമായി ബാര്‍സ ലാ ലിഗ കിരീടം ഉറപ്പിക്കുകയായിരുന്നു.
ലീഗിലെ നിര്‍ണായകമായ മറ്റൊരു മത്സരത്തില്‍ ഇന്നലെ റയല്‍മാഡ്രിഡ് ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് എസ്പാന്യോളിനെ പരാജപ്പെടുത്തി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്ക് മികവിലായിരുന്നു റയലിന്റെ ജയം. എന്നാല്‍ ജയം നേടിയെങ്കിലും 89 പോയിന്റുള്ള റയലിന് ലീഗില്‍ രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല