സൂപ്പര്‍താരം ലയണല്‍ മെസി ഗോളടി യന്ത്രമായി മാറിയ മത്സരത്തില്‍ ബെയര്‍ ലവര്‍കൂസനെ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കു തര്‍ത്ത ബാഴ്സലോണ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ക്വാര്‍ട്ടറില്‍ കടന്നു. ഒരു മത്സരത്തില്‍ അഞ്ചു ഗോളുകള്‍ നേടി സ്വപ്നതുല്യ പ്രകടനവുമായാണ് ബാഴ്സയെ മെസി ക്വാര്‍ട്ടറില്‍ എത്തിച്ചത്.
25, 42, 49, 58, 84 മിനിറ്റുകളിലാണ് മെസി എതിരാളിയുടെ ഗോള്‍ വല കുലുക്കിയത്. ചാമ്പ്യന്‍സ് ലീഗിലെ തുടക്കക്കാരനായ സ്പാനിഷ് താരം ക്രിസ്റ്യന്‍ ടെല്ലോ ഇരട്ട ഗോള്‍ നേടി മെസിയ്ക്കു മികച്ച പിന്തുണ നല്കി. അവസാന മിനിറ്റില്‍ ലവര്കൂസനു വേണ്ടി കരിം ബെല്ലാറബി നേടിയ ഗോളാണ് അവര്‍ക്കു ഏക ആശ്വാസമായത്. തുടക്കംമുതല്‍ കളിയുടെ നിയന്ത്രണം പിടിച്ചെടുത്ത ബാഴ്സ താരങ്ങള്‍ ലവര്കൂസന്റെ ഗോള്‍വല നിറയ്ക്കാനാണ് ശ്രമിച്ചത്.
ഒരു ഘട്ടത്തില്‍ ബാഴ്സയുടെ ഗോള്‍വേട്ട രണ്ടക്കം കടക്കുമെന്ന തോന്നിച്ച കളിയില്‍ ലവര്കൂസന്റെ ഗോള്‍കീപ്പര്‍ ബര്‍ണാഡ് ലെനോ നടത്തിയ മികച്ച സേവുകളാണ് വന്‍നാണക്കേടില്‍ നിന്നു ഇവരെ രക്ഷിച്ചത്. ആദ്യ പകുതിയില്‍ ബാഴ്സ താരങ്ങളായ സെസ്ക് ഫാബ്രിഗാസും സാവിയും നടത്തിയ മുന്നേറ്റങ്ങള്‍ ലെനോയുടെ മികവുകൊണ്ടാണ് ഗോള്‍വലയ്ക്കു പുറത്തുപോയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല