സ്വന്തം ലേഖകൻ: ഈ സീസണ്‍ അവസാനിക്കുന്നതോടെ പി.എസ്.ജിയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി ക്ലബ്ബ് വിട്ടേക്കുമെന്ന് സൂചന. മെസ്സിയുടെ ഏജന്റും പിതാവുമായ ഹോര്‍ഗെ മെസ്സി സൂപ്പര്‍ താരത്തിന്റെ നിലപാട് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയെ അറിയിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു. മെസ്സിയുമായുള്ള പി.എസ്.ജിയുടെ കരാര്‍ അടുത്ത മാസം അവസാനിക്കും.
പി.എസ്.ജി വിടാനൊരുങ്ങുന്ന മെസ്സി തന്റെ പഴയ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് തിരിച്ചുപോകുമെന്നാണ് കരുതപ്പെടുന്നത്. മെസ്സിയെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ക്ലബ്ബ് അധികൃതര്‍ ഇതിനോടകം അറിയിച്ചിട്ടുണ്ട്.
അനുവാദം ചോദിക്കാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതില്‍ പ്രതിഷേധിച്ച് പി.എസ്.ജി താരത്തിനെ രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ രണ്ടാഴ്ച താരത്തിന് കളിക്കാനും പരിശീലനം നടത്താനും സാധിക്കില്ല മാത്രമല്ല പ്രതിഫലവും നല്‍കില്ല. സസ്‌പെന്‍ഷന്‍ കഴിഞ്ഞ ടീമിലേക്ക് തിരിച്ചെത്തിയാല്‍ മെസ്സിയ്ക്ക് ശേഷിക്കുന്നത് മൂന്ന് മത്സരങ്ങള്‍ മാത്രമാണ്.
സൗദി അറേബ്യയുടെ ടൂറിസം അംബാസഡര്‍ എന്ന നിലയ്ക്കാണ് മെസ്സി സൗദി അറേബ്യ സന്ദര്‍ശിച്ചത്. മെസ്സിയുടെ കരാര്‍ നീട്ടാന്‍ പി.എസ്.ജിയ്ക്ക് താത്പര്യമില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. സൗദി പ്രോ ലീഗില്‍ കളിക്കാന്‍ മെസ്സിയ്ക്ക് ഇതിനോടകം വമ്പന്‍ ഓഫര്‍ വന്നിട്ടുണ്ട്. എന്നാല്‍ മെസ്സി ബാഴ്‌സലോണയിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് പിതാവ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല