സ്വന്തം ലേഖകന്‍: സ്‌പെയിനിന്റെ അഭയാര്‍ഥി വിരുദ്ധ നയത്തിനെതിരെ ബാഴ്‌സലോണയില്‍ പടുകൂറ്റന്‍ റാലി, കൂടുതല്‍ അഭയാര്‍ഥികളെ രാജ്യത്ത് പ്രവേശിപ്പിക്കണമെന്ന് ആവശ്യം. സര്‍ക്കാര്‍ നേരത്തേ വാഗ്ദാനം നല്‍കിയതനുസരിച്ച് അഭയാര്‍ഥികളെ പ്രവേശിപ്പിക്കണമെന്ന് റാലിയില്‍ പങ്കെടുത്ത പതിനായിരക്കണക്കിന് ആളുകള്‍ ആവശ്യപ്പെട്ടു. ബാഴ്‌സലോണ മേയറുടെ ആഹ്വാന പ്രകാരമാണ് ജനം തെരുവിലിറങ്ങിയത്.
2015ല്‍ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ അംഗീകരിച്ച കരാര്‍ പ്രകാരം 16,000 അഭയാര്‍ഥികളെ സ്‌പെയിന്‍ സ്വീകരിക്കേണ്ടതുണ്ട്. എന്നാല്‍, ഇതുവരെ 1,100 പേരെ മാത്രമാണ് സ്വീകരിച്ചത്. കരാര്‍ പ്രകാരമുള്ളത്രയും പേരെ രാജ്യത്ത് പ്രവേശിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇത്രയും ആളുകളെ സ്വീകരിക്കാന്‍ രാജ്യം സന്നദ്ധമാണെന്നും എന്നാല്‍, സര്‍ക്കാര്‍ നടപടി വൈകിക്കുകയാണെന്നുമാണ് ഇവരുടെ വാദം.
അതേസമയം 2016 ല്‍ യൂറോപ്പിലേക്കെത്തിയത് 3,80,000 അനധികൃത കുടിയേറ്റക്കാരെണെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത്. കൂടുതല്‍ പേരും എത്തിയത് ഇറ്റലിയിലേക്കും ഗ്രീസിലേക്കുമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ എത്തിയ കുടിയേറ്റക്കാരുടെ എണ്ണം മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ 17 ശതമാനം കൂടുതലാണെന്നും റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല