സ്വന്തം ലേഖകന്‍: ഹോട്ടലിലെ ഫ്രീസറില്‍ ഒളിച്ചതിനാല്‍ ബാഴ്‌സലോണ ഭീകരാക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതായി ബ്രിട്ടീഷ് ഇന്ത്യന്‍ നടിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ വംശജയായ നടി ലൈല റൂആസ് ആണ് സംഭവത്തെക്കുറിച്ച് ലൈവായി ട്വീറ്റുകള്‍ വഴി വിവരണം നല്‍കിയത്. ഭീകരാക്രമണത്തിനിടെ രക്ഷ തേടി ലൈല ഹോട്ടലിന്റെ ഫ്രീസറില്‍ കയറി ഒളിക്കുകയായിരുന്നു.
‘ആക്രമണത്തിനു നടുവില്‍ കുടുങ്ങിക്കിടക്കുന്നു. ഒരു റസ്റ്റാറന്റിന്റെ ഫ്രീസറില്‍ ഒളിച്ചിരിക്കുന്നു. എല്ലാം പെട്ടെന്നായിരുന്നു. എല്ലാവരുടെയും സുരക്ഷക്കായി പ്രാര്‍ഥിക്കുന്നു,’ എന്നായിരുന്നു ലൈലയുടെ ആദ്യ ട്വീറ്റ്. ഭീകരര്‍ വെടിയുതിര്‍ത്ത് പരിസരത്തെത്തിയതോടെ സുരക്ഷിത ഇടമെന്ന നിലക്കാണ് ഇവര്‍ ഹോട്ടലിന്റെ ഫ്രീസറില്‍ അഭയം തേടിയത്. ആക്രമണം അവസാനിച്ചതിനു ശേഷം സുരക്ഷിതയായി മടങ്ങുമ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് നന്ദി അറിയിച്ചും ബാഴ്‌സലോണ നഗരത്തോടുള്ള ഇഷ്ടം ഒരിക്കല്‍ക്കൂടി പങ്കുവെച്ചും അവര്‍ വീണ്ടും ട്വീറ്റ് ചെയ്ത്.
ഹോട്ടലില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ പൊലീസ് ഹെലികോപ്ടര്‍ മുകളില്‍ വട്ടമിട്ടു നില്‍ക്കുന്നതിന്റെ ചിത്രവും ലൈല പങ്കുവച്ചിട്ടുണ്ട്. ഫുട്ബാളേഴ്‌സ് വൈവ്‌സ്, ഹോള്‍ബി സിറ്റി എന്നിവയുള്‍പ്പെടെ നിരവധി ബ്രിട്ടീഷ് ടെലിവിഷന്‍ പരമ്പരകളില്‍ ശ്രദ്ധേയ വേഷം ചെയ്ത ലൈലയുടെ അമ്മ ഇന്ത്യക്കാരിയാണ്. അച്ഛന്‍ മൊറോക്കോ പൗരനും. പത്ത് വയസുകാരിയായ മകള്‍ ഇനെസ് ഖാനൊപ്പം അവധി ആഘോഷിക്കാന്‍ ബാഴ്‌സലോണയില്‍ എത്തിയതായിരുന്നു താരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല