സ്വന്തം ലേഖകന്‍: ബാഴ്‌സലോണയില്‍ ആക്രമണം നടത്തിയ ഭീകരര്‍ പദ്ധതിയിട്ടത് വന്‍ സ്‌ഫോടന പരമ്പരക്ക്, സ്‌പെയിനിലെ പ്രശസ്തമായ ബസലിക്കയും തുറമുഖവും ഭീകരരുടെ പട്ടികയില്‍. ബാഴ്‌സലോണയിലും കാംബ്രില്‍സിലും ആക്രമണം നടത്തിയ ഭീകരര്‍ യഥാര്‍ഥത്തില്‍ പദ്ധതിയിട്ടത് വന്‍ സ്‌ഫോടന പരന്പരയ്‌ക്കെന്നു സ്പാനിഷ് പോലീസ് വ്യക്തമാക്കി. ബാഴ്‌സലോണയിലെ പ്രശസ്തമായ തിരുക്കുടുംബ (സെഗ്രഡ ഫാമിലിയ) ബസലിക്കയിലും തുറമുഖത്തും ലാസ് റാംബ്ലസിലും ഉഗ്രസ്‌ഫോടനങ്ങള്‍ നടത്താനായിരുന്നു പദ്ധതി.
ഇതിനായി ശേഖരിച്ച സ്‌ഫോടക വസ്തുക്കള്‍ അബദ്ധത്തില്‍ പൊട്ടിത്തെറിച്ചത്താണ് വലിയ ദുരന്തത്തില്‍നിന്ന് സ്‌പെയിനിനെ രക്ഷിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബാഴ്‌സലോണയില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള അല്‍കനാറിലെ ഭീകരരുടെ ഒളിത്താവളത്തില്‍ ബോംബു നിര്‍മാണത്തിനായി സജ്ജീകരിച്ച ബുട്ടെയ്ന്‍ വാതകം നിറച്ച 120 കന്നാസുകള്‍ കണ്ടെത്തി. ബുധനാഴ്ച ഇവിടെ സ്‌ഫോടനമുണ്ടായതിനെ തുടര്‍ന്നാണ് ഭീകരാക്രമണ പദ്ധതിയില്‍നിന്ന് ബസിലിക്ക ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നാണു വിവരം.
വ്യാഴാഴ്ച ബാഴ്‌സലോണയിലെ ലാസ് റാംബ്ലസില്‍ വാഹനം കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് ഓടിച്ചുകയറ്റി നടത്തിയ ആക്രമണത്തില്‍ 13 പേരും കാംബ്രില്‍സില്‍ നടത്തിയ ഭീകരാക്രമണത്തില്‍ ഒരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. ആകെ 120 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
അല്‍കനാറിലെ ഒളിത്താവളം പരിശോധിച്ച പോലീസ് ട്രയാസെറ്റേറ്റ് ട്രൈപെറോക്‌സൈഡ് (ടിഎടിപി) എന്ന സ്‌ഫോടകവസ്തുവിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.
സ്‌ഫോടകവസ്തുക്കള്‍ കത്തി നശിച്ച സാഹചര്യത്തില്‍ ലാസ് റാംബ്ലസില്‍ വാഹനം ഇടിച്ചുകയറ്റി അക്രമണം നടത്താന്‍ ഭീകരര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ബാഴ്‌സലോണ ഭീകരാക്രണത്തിനു പിന്നില്‍ 12 പേരടങ്ങുന്ന സംഘമാണെന്നു കരുതുന്നു. അഞ്ചു ഭീകരരെ പോലീസ് വധിച്ചു. നാലു പേരെ അറസ്റ്റ് ചെയ്തു. ലാസ് റാംബ്‌ളസില്‍ ഭീകരാക്രമണം നടത്തിയ വാന്‍ ഡ്രൈവറെ ഇനിയും പിടികൂടാനായിട്ടില്ല. ഇയാള്‍ അതിര്‍ത്തി കടന്നു ഫ്രാന്‍സിലേക്കു പോയതായി സംശയമുണ്ട്.
പ്രശസ്ത കറ്റാലന്‍ ശില്‍പ്പിയായ ആന്റണി ഗൗഡി രൂപകല്പന ചെയ്ത തിരുക്കുടുംബ ദേവാലയത്തെ യുനെസ്‌കോ പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും പണി പൂര്‍ത്തിയായിട്ടില്ലാത്ത പള്ളി കാണാന്‍ ലക്ഷക്കണക്കിനു ടൂറിസ്റ്റുകളാണ് എത്തുന്നത്. ഏതാനും വര്‍ഷം മുന്പാണ് ഇതിനു മൈനര്‍ ബസലിക്കാ പദവി നല്കിയത്. ദേവാലയത്തിന്റെ നിര്‍മാണം 2026 ല്‍ പൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല