1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2017

സ്വന്തം ലേഖകന്‍: ബാഴ്‌സലോണ ഭീകരാക്രമണം, നടുക്കം മാറാതെ സ്‌പെയിന്‍, രണ്ടാമത്തെ ഭീകരാക്രമണ പദ്ധതി തകര്‍ത്തതായി പോലീസ്, അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു. ബാര്‍സലോണയില്‍ 13 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു ശേഷം കാംബ്രില്‍സില്‍ രണ്ടാമതൊരു ആക്രമണത്തിനുള്ള ഭീകരരുടെ പദ്ധതി തകര്‍ത്തതായി സ്പാനിഷ് പൊലീസ് വെളിപ്പെടുത്തി. കാംബ്രില്‍സില്‍ ആക്രമണത്തിനു തയറാറെടുത്ത് ബെല്‍റ്റ് ബോംബ് ധരിച്ച് എത്തിയ അഞ്ചംഗ ചാവേര്‍ സംഘമാണ് ആക്രമണത്തിന് ശ്രമിച്ചത്.

സംഘം ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്കേറ്റു. കൂട്ടത്തില്‍ ഒരു മലയാളിക്കും പരുക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പരുക്കേറ്റവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കാറിലെത്തിയ അഞ്ച് ഭീകരരെയും പൊലീസ് വധിച്ചു. അവര്‍ ധരിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കിയതായും പൊലീസ് അറിയിച്ചു.

സ്‌പെയിനിലെ പ്രധാന നഗരമായ ബാഴ്‌സലോണയില്‍ കഴിഞ്ഞ ദിവസം തീവ്രവാദികള്‍ ജനക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചു കയറ്റിയതിനെ തുടര്‍ന്ന് 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. 50 ലേറെ പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. ബാഴ്‌സലോണയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ലാസ് റാംബ്ലാസിലാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. തിരക്കേറിയ തെരുവിലൂടെ നടക്കുന്നവര്‍ക്കിടയിലേക്കാണ് വാന്‍ ഇടിച്ചുകയറ്റിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തിനു ശേഷം ഡ്രൈവര്‍ രക്ഷപ്പെട്ടതായും എന്നാല്‍ ഇയാളെ പിന്നീട് പൊലീസ് വധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.