സ്വന്തം ലേഖകന്‍: ഇരകള്‍ക്കായി കണ്ണീര്‍ പൊഴിച്ച് ബാഴ്‌സലോണ നഗരം, ചാവേര്‍ ആക്രമണത്തില്‍ മരിച്ചവര്‍ക്ക് നഗരവാസികളുടെ അന്ത്യാജ്ഞലി, പരുക്കേറ്റവരുടെ എണ്ണം 130 ആയി, അക്രമിയുടെ പേരുവിവരങ്ങള്‍ വെളിപെടുത്തി പോലീസ്. ബാഴ്‌സലോണയിലെ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രത്തിലെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. രണ്ടു വര്‍ഷത്തിനിടെ യൂറോപ്പില്‍ നടന്ന വിവിധ ആക്രമണങ്ങളുടെയും പിന്നില്‍ ഐ.എസ് ആയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനകം യൂറോപ്പ് ഏഴാം തവണയാണ് ഇത്തരത്തിലുള്ള ആക്രമണത്തിന് ഇരയാകുന്നത്.
വിദേശ പൗരന്മാരടക്കം ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. 130 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 17 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സ്, പാകിസ്താന്‍, സ്‌പെയിന്‍, നെതര്‍ലന്‍ഡ്‌സ്, ചൈന, വെനിസ്വേല, മൗറിത്താനിയ, ആസ്‌ട്രേലിയ തുടങ്ങി 34 രാജ്യങ്ങളിലുള്ളവര്‍ പരുക്കേറ്റവരിലുണ്ട്. മരിച്ചവരില്‍ രണ്ടുപേര്‍ ഇറ്റലിക്കാരാണ്. ആക്രമണത്തിനു ശേഷം തിരക്കിലേക്ക് രക്ഷപ്പെട്ട വാന്‍ ഡ്രൈവറുടെ പേരുവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തി. മൂസ ഔബഖീര്‍ എന്ന് പതിനെട്ടുകാരനാണ് ആക്രമണം നടത്തിയതെന്നും ഇയാള്‍ക്കായി വലവിരിച്ചതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ആക്രമണത്തിനു പിന്നില്‍ എട്ടു പേരുണ്ടായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമികള്‍ വലിയ ആക്രമണത്തിനാണ് പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. മധ്യ ബാഴ്‌സലോണയിലെ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമാണ് ലാസ് റാംബ്‌ലാസ്. രാജ്യത്തെ നടുക്കിയ ഭീകരാക്രമണമാണ് ഇതെന്നും കുറ്റവാളികളെ പിടികൂടുമെന്നും സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ് വ്യക്തമാക്കി. 2004 ല്‍ മഡ്രിഡില്‍ ട്രെയിനില്‍ അല്‍ ഖായിദ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ 191 പേര്‍ കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല