ബര്‍ണബാസിന്റെ ബൈബിള്‍ ക്രിസ്തുമതത്തിന്റെ തകര്‍ച്ചക്ക് കാരണമാകുമെന്ന് ഇറാന്‍. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ടെടുത്ത സുവിശേഷം ലോക രാഷ്ട്രീയത്തിന് പുതിയ തലവേദനയാകുകയാണ്. അഞ്ചാം നൂറ്റാണ്ടിലെഴുതപ്പെട്ടതെന്ന് കരുതുന്ന ബാര്‍നബാസിന്റെ സുവിശേഷം 2000ത്തില്‍ തുര്‍ക്കിയിലെ കളളക്കടത്ത് സംഘത്തിന്റെ കൈയ്യില്‍ നിന്നാണ് പോലീസ് പിടിച്ചെടുത്തത്. മൃഗത്തോലില്‍ നിര്‍മ്മിച്ചിരിക്കുന്ന പുസ്തകം ബര്‍നബാസിന്റെ സുവിശേഷത്തിന്റെ യഥാര്‍ത്ഥ പതിപ്പാണന്നാണ് തുര്‍ക്കി അധികാരികള്‍ വിശ്വസിക്കുന്നത്. അതിനിടയിലാണ് ഇതില്‍ ക്രിസ്തുമതത്തിന്റെ തകര്‍ച്ചയും ഇസ്ലാം മതമാണ് ശരിയായ മതമെന്നും വ്യക്തമാക്കുന്നുണ്ടന്ന് അവകാശപ്പെട്ട് ഒരു ഇറാന്‍ പത്രം രംഗത്തെത്തിയത്.
എന്നാല്‍ മറ്റ് രാജ്യങ്ങള്‍ ഇത് ഇറാന്റെ ക്രിസ്തീയ വിരുദ്ധ വികാരം മാത്രമാണന്ന് ചിരിച്ച് തളളിക്കഴിഞ്ഞു. ബാസ്ജി എന്ന ഇറാനിയന്‍ പത്രമാണ് ആഞ്ചാം നൂറ്റാണ്ടിലോ ആറാം നൂറ്റാണ്ടിലോ എഴുതിയ പുസ്തകം ഇസ്ലാം മതത്തിന്റെ ഉദയവും മുഹമ്മദ് നബിയുടെ വരവും പുസ്തകത്തില്‍ പ്രവചിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടത്. ക്രിസ്തുമതം ബാര്‍നബാസിന്റെ സുവിശേഷത്തെ നിഷേധിക്കുന്നുണ്ടെന്നും പത്രം അവകാശപ്പെടുന്നു. സുവിശേഷത്തിന്റെ നാല്‍പ്പത്തിയൊന്നാം അദ്ധ്യായത്തില്‍ ദൈവം മിഖായേല്‍ മാലാഖയെ അയച്ച് ആദമിനേയും ഹവ്വയേയും സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താക്കിയശേഷം ആദം തിരിഞ്ഞ് നോക്കുമ്പോള്‍ സ്വര്‍ഗ്ഗകവാടത്തില്‍ അളളാഹുവാണ് ഏകദൈവമെന്നും മുഹമ്മദ് അദ്ദേഹത്തിന്റെ പ്രവാചകനാണന്നും എഴുതിയിരിക്കുന്നത് കണ്ടു എന്നും പറയുന്നു.
സുവിശേഷത്തിലൊരിടത്തും യേശുവിന്റെ കുരിശുമരണത്തെ കുറിച്ച് പറയുന്നില്ലെന്നും മുഹമ്മദ് നബിയുടെ വരവിനെ കുറിച്ച് യേശു തന്നെ പറഞ്ഞിട്ടുണ്ടെന്നും ഇറാനിയന്‍ പത്രത്തില്‍ പറയുന്നു. അരാമിക് ഭാഷയുടെ തന്നെ വകഭേദമായ സിറയാകിലാണ് പുസ്തകം എഴുതിയിരിക്കുന്നത്. അവസാനത്തെ മുസ്ലീം പ്രവാചകന്റെ പേര് വരെ പുസ്തകം പ്രവചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
രണ്ടായിരത്തില്‍ അനധികൃതമായി പുരാവസ്തു സാധനങ്ങള്‍ കടത്തുന്ന സംഘത്തിന്റെ കൈയ്യില്‍ നിന്നുമാണ് ബാര്‍നബാസിന്റെ സുവിശേഷം കണ്ടെത്തുന്നത്. എന്നാല്‍ കഴിഞ്ഞ ഫെബ്രൂവരിയില്‍ വത്തിക്കാന്‍ പുസ്തകം കാണാന്‍ അനുവദിക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടതോടെയാണ് ഇത് വാര്‍ത്തകളില്‍ നിറയുന്നത്. എന്നാല്‍ വത്തിക്കാന്റെ ആവശ്യം പരിഗണിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. നിലവില്‍ തുര്‍ക്കിയിലെ ജസ്റ്റിസ് പാലസില്‍ സൂക്ഷിച്ചിരിക്കുന്ന പുസ്തകം എത്തിനോഗ്രാഫി മ്യൂസിയത്തിലേക്ക് മാറ്റുമെന്ന് തുര്‍ക്കി അറിയിച്ചു. പുസ്തകത്തിന് സായുധകാവലും ഏര്‍പ്പെടുത്തു. പുസ്തകം യഥാര്‍ത്ഥമാണന്നാണ് തുര്‍ക്കി ഗവണ്‍മെന്റിന്റെ വിശ്വാസം. എന്നാല്‍ മറ്റ് രാജ്യങ്ങള്‍ ഇതിന്റെ ആധികാരികതയെ ചോദ്യം ചെയ്തുകഴിഞ്ഞു. ഇറാന്റെ ക്രിസ്തുവിരുദ്ധ വികാരത്തിന്റെ പ്രകടനം മാത്രമാണ് പുതിയ റിപ്പോര്‍ട്ടെന്നും തീവ്രവാദ നിരീക്ഷകനായ എറിക് സ്റ്റാക്കല്‍ബെക്ക് പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല