സ്വന്തം ലേഖകൻ: വിമതർ രാജ്യതലസ്ഥാനമായ ഡമാസ്കസ് പിടിച്ചെടുക്കുകയും പ്രസിഡന്റ് ബഷർ അൽ അസദ് രാജ്യംവിടുകയും ചെയ്തതോടെ സിറിയയുടെ ഭരണം അനിശ്ചിതാവസ്ഥയിലായിരിക്കുകയാണ്. വിമതർ സിറിയയിൽ 12മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. അസദിന്റെ കൊട്ടാരവും മറ്റും കൈയേറിയ വിമതർ ഇറാന്‍റെ സ്ഥാനപതികാര്യാലയത്തിലും അതിക്രമിച്ചുകയറി.
31,500 ചതുരശ്ര മീറ്റർ വരുന്ന അൽ റവാദയിലെ അസദിന്റെ കൊട്ടാരം അക്ഷരാർത്ഥത്തിൽ കൊള്ളയടിക്കുകയായിരുന്നു വിമത അനുകൂലികൾ. സ്ത്രീകളും കുട്ടികളുമുൾപ്പെടുന്ന വിമതസംഘം അസദിന്റെ കിടപ്പുമുറിയും ഔദ്യോഗികാവശ്യങ്ങൾക്കുപയോഗിക്കുന്ന കാബിനുകളും കൊട്ടാരത്തോട് ചേർന്നുള്ള പൂന്തോട്ടവുമെല്ലാം തരിപ്പണമാക്കി. പ്രസിഡന്റിന്റെ ഫർണിച്ചറുകൾ, കുടുംബം ഉപയോഗിച്ചിരുന്ന ആഭരണങ്ങൾ, ആഡംബര കാറുകൾ തുടങ്ങിയവയെല്ലാം കൊള്ളയടിക്കപ്പെട്ടു.
പലരും കൊട്ടാരത്തിനുള്ളിലിരുന്ന് ചിത്രങ്ങളെടുത്തു. ജനങ്ങളുടെ കൊട്ടാരം എന്നാണ് അവർ ഇതിനെ വിശേഷിപ്പിച്ചത്. കെട്ടിടങ്ങൾ തകർത്ത വിമതർ അസദിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും നശിപ്പിച്ചു. കൊട്ടാരത്തിലുണ്ടായിരുന്ന നിരവധി ആഡംബര വാഹനങ്ങളാണ് വിമതർ തട്ടിയെടുത്തത്. കൊട്ടാരത്തിലുപയോഗിച്ചിരുന്ന മെഴിസിഡസ് ബെൻസ് കാർ, എസ്.യു.വികൾ, മോട്ടോർ സൈക്കിളുകൾ, ഓൾ ടെറൈൻ വെഹിക്കിൾ, കവചിത ട്രക്ക് എന്നിവയുൾപ്പെടെ എല്ലാം വിമതർ കൈക്കലാക്കി.
തീർന്നില്ല, പ്രസിഡെൻഷ്യൽ പാലസിലെ വസ്ത്രങ്ങൾ, പ്ലേറ്റുകൾ, ഷോപ്പിങ് ബാഗ് തുടങ്ങി കണ്ണിൽക്കണ്ടതെല്ലാം വിമതർ വാരിയെടുത്തുകൊണ്ടുപോവുകയായിരുന്നു. കൊട്ടാരത്തിലെ കസേരകളെല്ലാം ചുമലിലെടുത്തുകൊണ്ടുപോയി. സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളെല്ലാം നിലത്ത് വാരിയിട്ടശേഷം കപ്ബോർഡുകളും എടുത്തുകൊണ്ടുപോയി. ചിലർ കൊട്ടാരത്തിനകത്തുനിന്ന് വെടിയുതിർത്താണ് ആഹ്ലാദം പ്രകടിപ്പിടച്ചത്. എല്ലാത്തിനുമൊടുവിൽ കൊട്ടാരത്തിലെ മുറികൾക്ക് തീ വെയ്ക്കുകയും ചെയ്തു.
നാടകീയമായ അട്ടിമറിയിലൂടെയാണ് 1970 ല്‍ ഹാഫിസ് അല്‍ അസദ് സിറിയയുടെ പ്രധാനമന്ത്രിപദത്തിലേക്കെത്തിയത്. പിന്നീട് പ്രസിഡന്റ് പദവിലെത്തിയ അദ്ദേഹം 2000 ല്‍ മരിക്കുന്നതുവരെ പ്രസിഡന്റായി അധികാരത്തില്‍ തുടര്‍ന്നു. തുടര്‍ന്നാണ് ബഷര്‍ അല്‍ അസദ് അധികാരത്തിലെത്തിയത്. അസദിനെ അട്ടിമറിച്ചെന്ന് ഞായറാഴ്ച ഔദ്യോഗിക ടെലിവിഷൻ ചാനലിലൂടെയാണ് വിമതർ അറിയിച്ചത്. രണ്ടായിരാമാണ്ടുമുതലുള്ള ബാഷർ അസദിന്റെ ഭരണം അവസാനിച്ചതിൽ ഡമാസ്കസിൽ ജനം തെരുവിലിറങ്ങി ആഹ്ലാദപ്രകടനം നടത്തി.
നേരത്തേ ഡമാസ്കസിന്റെ പരിസരത്തുള്ള സെഡ്നായ ജയിലിൽ കടന്നുകയറിയ എച്ച്.ടി.എസുകാർ ആയിരക്കണക്കിനു തടവുകാരെ തുറന്നുവിട്ടിരുന്നു. അതേസമയം അധികാരം നഷ്ടപ്പെട്ട് സിറിയ വിട്ട ബാഷര്‍ അല്‍ അസദും കുടുംബവും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. അസദിനും കുടുംബത്തിനും മോസ്‌കോ അഭയം നല്‍കിയതായി റഷ്യന്‍ സ്‌റ്റേറ്റ് മീഡിയയാണ് റിപ്പോര്‍ട്ട് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല