1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2017

സ്വന്തം ലേഖകന്‍: വിമതരുമായുള്ള സമാധാന ചര്‍ച്ചയില്‍ പൂര്‍ണമായി സഹകരിക്കും, ആവശ്യമെങ്കില്‍ സ്ഥാനം ഒഴിയാനും തയ്യാറെന്ന് സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദ്. കസാഖ്‌സ്താന്‍ തലസ്ഥാനമായ അസ്താനയില്‍ ഈ മാസം അവസാനം നടക്കാനിരിക്കുന്ന സിറിയന്‍ മധ്യസ്ഥ ചര്‍ച്ചയോട് പൂര്‍ണമായി സഹകരിക്കുമെന്ന് പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദ് ഫ്രഞ്ച് മാധ്യമങ്ങളോട് പറഞ്ഞു. വിമതര്‍ സമാധാന ശ്രമങ്ങളോട് അനുകൂലമായി പ്രതികരിക്കുകയും സ്വതന്ത്ര തെരഞ്ഞെടുപ്പ് അംഗീകരിക്കുകയും ചെയ്താല്‍ ആവശ്യമെങ്കില്‍ അധികാരം ഒഴിയാന്‍ തയാറാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ സിറിയന്‍ ദേശീയ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തുര്‍ക്കിയുടെയും റഷ്യയുടെയും ശ്രമഫലമായാണ് മധ്യസ്ഥ ചര്‍ച്ച. ഇതിന്റെ ആദ്യപടിയായാണ് രാജ്യത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. സമാധാന ചര്‍ച്ചയുടെ വിജയം സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതിനിടെയാണ് പിന്തുണയുമായി ബശ്ശാര്‍ രംഗത്തത്തെിയിരിക്കുന്നത്. ചര്‍ച്ചയില്‍ എല്ലാ വിഷയങ്ങളും കടന്നുവരട്ടെയെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, വിമതര്‍ വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നത് കാര്യങ്ങളെ അനിശ്ചിതത്വത്തിലേക്ക് കൊണ്ടത്തെിക്കും. ഏതൊക്കെ വിമതസംഘടനകളാണ് അസ്താനയില്‍ വരുന്നതെന്ന് ഇതുവരെയും വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അധികാരം ഒഴിയണമെന്ന വിമതരുടെ ആവശ്യം അംഗീകരിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യവും ചര്‍ച്ചയില്‍ വരട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇക്കാര്യത്തില്‍ തന്റെ നിലപാട് ഭരണഘടനാധിഷ്ഠിതമാണ്. ചര്‍ച്ച നടക്കേണ്ടതും അതിലൂന്നിയാകണം. ഭരണഘടന അനുശാസിക്കുന്നതു പ്രകാരം സ്വതന്ത്ര തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നപക്ഷം അധികാരമൊഴിയാന്‍ സന്നദ്ധനാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം, അലപ്പോയില്‍ ഉള്‍പ്പെടെ ബശ്ശാര്‍ സൈന്യം നടത്തിയ അതിക്രൂരമായ ആക്രമണങ്ങളെ അദ്ദേഹം ന്യായീകരിച്ചു. ഡമസ്‌കസിനടുത്ത വാദി ബറാദയില്‍ ആക്രമണം നടത്തിയത് തീവ്രവാദികളെ തുരത്താനാണെന്നും അത് വെടിനിര്‍ത്തല്‍ ലംഘനമല്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, അസ്താന ചര്‍ച്ചയുടെ കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. ബശ്ശാര്‍ സൈന്യം ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ചര്‍ച്ച ബഹിഷ്‌കരിക്കുമെന്ന് ഒരു വിഭാഗം വിമത സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ചര്‍ച്ച ഏതു ദിവസം നടത്തുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ മുമ്പ് യു.എന്‍ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളുടെ ഗതിതന്നെയാകുമോ അസ്താനക്കും സംഭവിക്കുക എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ആറു വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധം ഇതിനകം നാലു ലക്ഷത്തിലധികം പേരുടെ ജീവനെടുത്തതായാണ് കണക്ക്. ലക്ഷക്കണക്കിന് സിറിയങ്ക്കാര്‍ അഭയാര്‍ഥികളായി പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.