സ്വന്തം ലേഖകൻ: യു കെ പ്രാദേശീക തെരഞ്ഞെടുപ്പില്‍ യു കെ മലയാളികള്‍ക്ക് അഭിമാന നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് ബേസിംഗ്‌സ്‌റ്റോക്ക് കൗണ്‍സിലര്‍ സജീഷ് ടോം വീണ്ടും വിജയിച്ചു. 2021 ല്‍ ആദ്യമായി ലേബര്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് കൗണ്‍സിലര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട സജീഷ് ടോം, ചിട്ടയായ ജനസമ്പര്‍ക്ക പരിപാടികളിലൂടെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍കൊണ്ട് ‘പോപ്പിലി’ വാര്‍ഡില്‍ ഏറെ ‘പോപ്പുല’റായ ജനപ്രതിനിധിയായി മാറുകയായിരുന്നു.
ആകെ പോള്‍ ചെയ്ത വോട്ടിന്റെ എഴുപതോളം ശതമാനം നേടികൊണ്ടുള്ള ഈ വിജയം, കൗണ്‍സിലര്‍ എന്ന നിലയില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജനങ്ങളുടെ അംഗീകാരമായി സ്വീകരിക്കുന്നു എന്ന് സജീഷ് ടോം പറഞ്ഞു. കൗണ്‍സിലിന്റെ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് കമ്മറ്റി, ലൈസന്‍സിംഗ് കമ്മറ്റി എന്നീ സമിതികളില്‍ അംഗമായിക്കൊണ്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ കാര്യക്ഷമമായ പ്രവര്‍ത്തനം സജീഷ് കാഴ്ചവച്ചിരുന്നു.
എണ്‍പത് ശതമാനത്തോളം ബ്രിട്ടീഷ്‌കാര്‍ താമസിക്കുന്ന ‘പോപ്പിലി’ പോലൊരു വാര്‍ഡില്‍നിന്നും മഹാഭൂരിപക്ഷം വോട്ടുകളും നേടി വിജയിക്കുക എന്നത്, സജീഷിന് വ്യക്തിപരമായി എന്നതിനൊപ്പം മലയാളി സമൂഹത്തിനും, ഇന്ത്യന്‍ സമൂഹത്തിനാകെയും അഭിമാനകരം തന്നെയാണ്. കോട്ടയം ജില്ലയില്‍ വൈക്കം ചെമ്പ് അയ്യനംപറമ്പില്‍ കുടുംബാംഗമാണ് സജീഷ്.
ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീനിലകളില്‍ യു കെ യില്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ച സജീഷ്, ബേസിംഗ്‌സ്‌റ്റോക്ക് മള്‍ട്ടികള്‍ച്ചറല്‍ ഫോറം ട്രഷറര്‍, ‘യുക്മ’ ദേശീയ ജനറല്‍ സെക്രട്ടറി, ബേസിംഗ്‌സ്‌റ്റോക്ക് ലേബര്‍ പാര്‍ട്ടി എക്‌സിക്യൂട്ടീവ് അംഗം, യു കെ യിലെ പ്രബല തൊഴിലാളി യൂണിയനായ ‘യൂണിസണ്‍’ ബ്രാഞ്ച് ചെയര്‍മാന്‍, റീജിയണല്‍ കമ്മറ്റി അംഗം, സ്‌കൂള്‍ ഗവര്‍ണര്‍ തുടങ്ങി നിരവധി മേഖലകളിലൂടെ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി യു കെ പൊതുസമൂഹത്തില്‍ സജീവമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല