സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹാട്രിക് നേടിയപ്പോള്‍ തകര്‍പ്പന്‍ ജയത്തോടെ ബാഴ്സലോണ വിജയവഴിയില്‍ തിരിച്ചെത്തി. സ്പാനീഷ് ലീഗില്‍ ഒസാസുനയെ മറുപടിയില്ലാത്ത എട്ടു ഗോളുകള്‍ക്കാണ് ചാമ്പ്യന്മാര് തുരത്തിയത്. തുടരെ രണ്ട് സമനിലകള്‍ക്ക് ശേഷമായിരുന്നു ബാഴ്സയുടെ ജയം.
സ്വന്തം തട്ടകമായ നൗകാമ്പില്‍ നാലാം മിനിറ്റില്‍ത്തന്നെ മെസ്സി ടീമിനെ മുന്നില്‍ കടത്തി. 40, 78 മിനിറ്റുകളിലായിരുന്ന ലോക ഫുട്ബോളറുടെ മറ്റ് ഗോളുകള്‍. സ്പാനിഷ് ഇന്റര്‍നാഷണല്‍ ഡേവിഡ് വിയ രണ്ട് ഗോള്‍ (33, 76) നേടിയപ്പോള്‍ സെസ്ക് ഫാബ്രിഗസും (13), സാവിയും (57) ഓരോതവണ ലക്ഷ്യം കണ്ടു. ഒസാസുന ആദ്യ പകുതിയില്‍ സെല്‍ഫ് ഗോളും വഴങ്ങിയിരുന്നു.
വിജയം തലയ്ക്ക് പിടിച്ച ബാഴ്സ കളിമറക്കുകയാണെന്ന വിമര്‍ശനത്തിന് ചുട്ട മറുപടിയായി കറ്റാലന്‍ ടീമിന്റെ വന്‍ജയം. ലീഗില്‍ കഴിഞ്ഞ മത്സരത്തില്‍ റയല്‍ സോസിഡാഡിനോടും (2-2) യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ വമ്പന്മാരായ എ.സി. മിലാനോടും (2-2), ബാഴ്സയ്ക്കു സമനില വഴങ്ങേണ്ടിവന്നിരുന്നു. തുടര്‍ന്ന് പെപ്പ് ഗാര്‍ഡിയോളക്കും ടിമിനുമെതിരെ വിമര്‍ശകര്‍ രംഗത്തെത്തിയിരുന്നു.
പ്രധാന എതിരാളികളായ റയല്‍ മാഡ്രിഡിന് മുന്നറിയിപ്പ് കൂടിയായി ബാഴ്സയുടെ ജയം. പട്ടികയില്‍ മൂന്ന് കളികളില്‍ നിന്ന് ഏഴ് പോയന്റുള്ള ചാമ്പ്യന്മാര് രണ്ടാംസ്ഥാനത്താണ്. ഒമ്പത് പോയന്റുമായി വലന്‍സിയയാണ് മുന്നില്‍. സൊള്ഡാഡൊ നേടിയ ഏക ഗോളില്‍ സ്പോര്‍ട്ടിങ് ഗിജോണിനെ തോല്പിച്ചാണ് (1-0), വലന്‍സിയ മുന്നില്‍ കയറിയത്. മറ്റ് കളികളില്‍ വിയ്യാറയല്‍ പുതുമുഖ ടീം ഗ്രനഡയെയും (1-0), മലാഗ, മയോര്ക്കയേയും (1-0) സെവിയ, റയല്‍ സോസിഡാഡിനെയും (1-0) തോല്പിച്ചു. ലവന്റെക്കെതിരായ എവേ മത്സരത്തില്‍ ജയിക്കാനായാല്‍ റയല്‍ വീണ്ടും മുന്നിലെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല