സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററിക്കെതിരേ രൂക്ഷവിമര്‍ശനവുമായി വിദേശകാര്യ മന്ത്രാലയം. സാമ്രാജ്യത്വ മാനസികാവസ്ഥ വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രിക്കെതിരേയുള്ള ഡോക്യുമെന്ററിയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ആരോപിച്ചു. ഇത് പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും ഡോക്യുമെന്ററി വസ്തുതകള്‍ക്ക് നിരക്കാത്തതും മുന്‍വിധിയോടെയുള്ളതുമാണെന്നും വിദേശകാര്യ വക്താവ് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എന്ത് പറഞ്ഞുവെന്നത് ഇന്ത്യയെ ബാധിക്കുന്ന കാര്യമല്ലെന്നും ഡോക്യുമെന്ററിക്ക് ഇന്ത്യയില്‍ സംപ്രേക്ഷണം ഇല്ലെന്നത് ബിബിസിയുടെ തീരുമാനമാണെന്നും ബാഗ്ചി വിശദീകരിച്ചു. ഡോക്യുമെന്ററിയുടെ ഉദ്ദേശ്യത്തെക്കുറിച്ചും ഇതിനുപിന്നിലെ അജണ്ടയെക്കുറിച്ചും ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നുകയാണെന്നും ഇത്തരം കാര്യങ്ങളെ മുഖവിലക്കെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
ഗുജറാത്ത് കലാപത്തെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ ഇത്രയും കാലം പുറത്തുവിട്ടിരുന്നില്ല. ഇതിലെ വിവരങ്ങളാണ് തങ്ങള്‍ പുറത്തുവിടുന്നതെന്നാണ് ബിബിസി ഡോക്യുമെന്ററിയില്‍ അവകാശപ്പെടുന്നത്.
അതിനിടെ, ബിബിസി ഡോക്യുമെന്ററിയെക്കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിലുണ്ടായ ചര്‍ച്ചയില്‍ നരേന്ദ്ര മോദിയെ പിന്തുണച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നിലപാട് സ്വീകരിച്ചു. നരേന്ദ്ര മോദിയെക്കുറിച്ചുള്ള ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി സീരീസ് കഴിഞ്ഞ ദിവസമാണ് ബിബിസി സംപ്രേക്ഷണം ചെയ്തുതുടങ്ങിയത്. രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയുടെ അടുത്ത ഭാഗം ജനുവരി 24-നാണ് സംപ്രേക്ഷണം ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല