സ്വന്തം ലേഖകന്‍: കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന പേജുകള്‍ക്കെതിരെ കണ്ണടക്കുന്നു, ഫേസ്ബുക്ക് നിയമക്കുരുക്കില്‍. പീഡോഫൈലുകള്‍ നടത്തുന്ന ചില പേജുകളില്‍ വന്ന ചിത്രങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടും ഫേസ്ബുക്ക് നീക്കം ചെയ്യാത്തതെന്നാണ് പരാതി. 16 വയസ്സിനുതാഴെയുള്ള കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും, ബാല പീഡന വീഡിയോകളുമാണ് ഇത്തരം പേജുകളില്‍ പ്രത്യക്ഷപ്പെട്ടത്. ഇവ നീക്കം ചെയ്യുന്നതിനു പകരം ഇക്കാര്യം ചൂണ്ടിക്കാട്ടിയ ബിബിസി ന്യൂസിനെതിരെ ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തതിന് ഫേസ്ബുക്ക് നടപടിയെടുക്കുകയും ചെയ്തു.
ഫേസ്ബുക്ക് കമ്മ്യൂണിറ്റി സ്റ്റാന്‍ഡേഡ്‌സ് അനുസരിച്ച് ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ല. ഇത്തരം ചിത്രങ്ങളോ പീഡോഫീലിയ പ്രോല്‍സാഹിപ്പിക്കുന്ന തരം പോസ്റ്റുകളോ ഷെയര്‍ ചെയ്താല്‍ കണ്ടന്റുകള്‍ മാസ് റിപ്പോര്‍ട്ടിങ് വഴി പിന്‍വലിക്കാറാണ് പതിവ്. കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കാര്യം ഫേസ്ബുക്കിന്റെ ശ്രദ്ധയില്‍ പെടുത്തിയ ബിബിസി ന്യൂസിനെ നാഷണല്‍ ക്രൈം ഏജന്‍സിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഫേസ്ബുക്ക് യുകെ മേധാവി സൈമണ്‍ മില്‍നറുമായി അഭിമുഖം നടത്താന്‍ കൂടിയാണ് ബിബിസി ചിത്രങ്ങള്‍ അയച്ചത്. കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണ്, ബിബിസി അത് ചെയ്തപ്പോഴും ഫേസ്ബുക്ക് അതിനെ നിയമമനുസരിച്ച് നേരിടുകയായിരുന്നു.
പീഡോഫൈലുകളെ ലക്ഷ്യമാക്കിയുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന അനേകം ഫേസ്ബുക്ക് പേജുകള്‍ ബിബിസി തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവയില്‍ 80% ചിത്രങ്ങളും പിന്‍വലിച്ചിട്ടില്ല. പുരുഷന്മാര്‍ ആണ് ചിത്രങ്ങളും ലൈംഗികാതിക്രമ വീഡിയോകളും ഷെയര്‍ ചെയ്തവരില്‍ ഭൂരിഭാഗവും. ബിബിസി റിപ്പോര്‍ട്ട് ചെയ്ത 100 ചിത്രങ്ങളില്‍ 18 എണ്ണം മാത്രമേ ഫേസ്ബുക്ക് പിന്‍വലിച്ചുള്ളൂ, ബാക്കിയുള്ള 82 ചിത്രങ്ങള്‍ ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേഡ്‌സ് ലംഘിക്കുന്നില്ല എന്ന വിശദീകരണമാണ് ഫേസ്ബുക്ക് ബിബിസിക്ക് നല്‍കിയ മറുപടിയില്‍ പറയുന്നത്.
നിയമവിരുദ്ധമായ ഇത്തരം പോസ്റ്റുകള്‍ പിന്‍വലിക്കാന്‍ ഫേസ്ബുക്ക് പരാജയപ്പെട്ടത് ഞെട്ടിക്കുന്നതാണെന്നും കുട്ടികളുടെ സുരക്ഷയുമായി സംബന്ധിച്ച കരാറിന് വിരുദ്ധമാണെന്നും നാഷണല്‍ സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി റ്റു ചില്‍ഡ്രന്‍ പറയുന്നു. ശിശുസുരക്ഷയുടെ കാര്യത്തില്‍ ഫേസ്ബുക്ക് ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടിങ് സംവിധാനം മെച്ചപ്പെടുത്തുമെന്നും ഫേസ്ബുക്ക് ഇക്കാര്യത്തില്‍ പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല