സ്വന്തം ലേഖകൻ: വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് യുഡിഎഫ് സംഘടനകളായ കെഎസ്‌യുവും യൂത്ത് കോൺഗ്രസും. കോളജ് ക്യാമ്പസുകളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള യൂത്ത് കോൺഗ്രസ് തീരുമാനത്തിന് പിന്തുണ നൽകുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ പറഞ്ഞു. അതേസമയം പ്രദർശനം തടയുമെന്ന് യുവമോർച്ച അറിയിച്ചു.
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ചരിത്ര യാഥാർത്ഥ്യങ്ങൾ സംഘ്പരിവാറിനും മോദിക്കുമൊക്കെ എന്നും ശത്രുപക്ഷത്താണ്.ഒറ്റു കൊടുത്തതിന്റെയും മാപ്പ് എഴുതിയതിന്റെയും വംശഹത്യ നടത്തിയതിന്റെയുമൊക്കെ ഓർമ്മപ്പെടുത്തലുകൾ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാവുന്നതല്ലെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.
2002ലെ ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയുടെ പങ്കിനെ തുറന്നു കാട്ടുന്ന ബിബിസി ഡോക്യുമെന്ററി ഫാസിസ്റ്റ് നിയമങ്ങൾ ഉപയോഗിച്ച് ഇന്ത്യയിൽ നിരോധിച്ച കേന്ദ്രസർക്കാർ നടപടികൾക്കെതിരെ പ്രതിഷേധ ഡോക്യുമെന്ററി പ്രദർശനം! “India: The Modi Question” കോളേജ് കാമ്പുസുകളിൽ പ്രദർശിപ്പിക്കാൻ KSU നേതൃത്വം കൊടുക്കുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
സംസ്ഥാനത്ത് ബിബിസി ഡോക്യുമെന്ററി പ്രദർശനം തടയുമെന്ന് ബിജെപി. തീക്കൊള്ളികൊണ്ട് തല ചൊറിയുന്നെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു.. രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും നിലപാടെന്ന് എംടി രമേശ് കുറ്റപ്പെടുത്തി. കണ്ണൂരിൽ മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ കത്ത് നൽകി. ഡോക്യുമെന്ററി പ്രദർശനം തടയുമെന്ന് യുവമോർച്ച. സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണയാണ് ഡോക്യുമെന്ററി പ്രദർശനം തടയുമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത്. കണ്ണൂരിലെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് കമ്മീഷണർക്ക് പരാതി നൽകി.
ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിലൂടെ വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമമെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. പൊലീസ് ഡോക്യുമെന്ററിയുടെ പ്രദർശനം തടയാൻ തയ്യാറായില്ലെങ്കിൽ ബി ജെ പിക്ക് അതിനു സംവിധാനമുണ്ടെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു. എറണാകുളം ലോ കോളജിലേക്ക് മൂന്ന് മണിക്ക് ബിജെപി മാർച്ച് നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല