സ്വന്തം ലേഖകന്‍: ബിബിസി ചാനലിനെ പറ്റിക്കാന്‍ ഇത്ര എളുപ്പമാണോ എന്ന് മൂക്കത്ത് വിരല്‍ വക്കുകയാണ് കാഴ്ചക്കാര്‍. സംഭവം മറ്റൊന്നുമല്ല, പാകിസ്ഥാന്‍ ക്രിക്കറ്റ് താരമാണ് എന്നു പറഞ്ഞ് ഒരു വിരുതന്‍ ചാനലിനെ പറ്റിച്ചതാണ് വാര്‍ത്തയായത്.
പാകിസ്ഥാനില്‍ നിന്നു തന്നെയുള്ള നദീം ആലമാണ് ആള്‍മാറാട്ടം നടത്തി ബിബിസിയെ വട്ടം ചുറ്റിച്ചത്. പാകിസ്ഥാന്റെ മുന്‍ ബാറ്റ്‌സ്മാനായ നദീം അബ്ബാസിയാണ് എന്ന് അവകാശപ്പെട്ട് ബിബിസിക്ക് വേണ്ടി കമന്ററി പറയുകയായിരുന്നു നദീം ചെയ്തത്.
ഒപ്പം കളി പറയാനെത്തിയതാകട്ടെ ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണര്‍ ആകാശ് ചോപ്രയും. കമ്ന്റ്‌റേറ്ററായി ഏറെക്കാലത്തെ പരിചയമുള്ള ചോപ്രക്കൊപ്പം ഇരുന്ന് ആധികാരികമായാണ് നദീം കളി വിശേഷങ്ങള്‍ പങ്കു വച്ചത്. ചോപ്രയാകട്ടെ പ്രമുഖ ചാനലുകള്‍ക്കു വേണ്ടി കമന്ററി പറഞ്ഞും കളി ചര്‍ച്ച ചെയ്തും ഈ രംഗത്ത് സജീവമാണ്.
ബിബിസി വേള്‍ഡ് ന്യൂസ്, ബിബിസി ഏഷ്യന്‍ നെറ്റ്‌വര്‍ക്ക് ആന്‍ഡ് റേഡിയോ ഫൈവ് ലൈവ് എന്നിവര്‍ക്കു വേണ്ടിയാണ് നദീം ആലം കളി ചര്‍ച്ച ചെയ്യാനെത്തിയത്. എന്നാല്‍ ചര്‍ച്ച തുടങ്ങി കുറച്ചു നേരം കഴിഞ്ഞതോടെ കള്ളി വെളിച്ചത്താകുകയായിരുന്നു.
ആരെയെങ്കിലും വിളിച്ച് സ്റ്റുഡിയോയില്‍ കയറ്റുന്നതിന് മുമ്പ് കാര്യങ്ങള്‍ പരിശോധിക്കണം എന്ന് യഥാര്‍ഥ അബ്ബാസി പ്രതികരിച്ചു. നദീം ആലത്തിനെ കയ്യില്‍ കിട്ടിയില്‍ മൂക്ക് ഇടിച്ചു പരത്തുമെന്നും അബ്ബാസി പറഞ്ഞു. എന്നാല്‍ താന്‍ അബ്ബാസിയായി അഭിനയിച്ചില്ലെന്നും കളി പറയാന്‍ കിട്ടിയ ഒരു അവസരം ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നും നദീം ആലം വ്യക്തമാക്കി. എന്തായാലും സംഭവത്തില്‍ ബിബിസി ഖേദം പ്രകടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല